കേരളവും യുഎഇയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ മാരത്തണ്‍, യുഎഇ യാത്രയ്ക്ക് കേന്ദ്ര അനുമതി കാത്ത് ഉദ്യോഗസ്ഥ സംഘം

തിരുവനന്തപുരം. കേരളവും യുഎഇയുമായിട്ടുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മാരത്തോണ്‍ മത്സരം സംഘടിപ്പിക്കുന്നു. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയുടെ ചര്‍ച്ചയ്ക്കായി ഉദ്യോഗസ്ഥ സംഘം യുഎഇയിലേക്ക് പോകാന്‍ ആലോചിച്ചിരുന്നെങ്കിലും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. യുഎഇ പ്രസിഡന്റായിരുന്ന അന്തരിച്ച ഷെയ്ഖ് ഖലിഫ ബിന്‍ സായിദ് 2023-24 എന്നാണ് പരിപാടിയുടെ പേര്.

യുഎഇ സര്‍ക്കാരുമായിട്ടുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുന്നതോടെ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഓഫീസ് തുറക്കും. യുഎഇ സര്‍ക്കാര്‍ പ്രതിനിധികളെയും ഭരണാധികാരികളെയും ചടങ്ങില്‍ പങ്കെടുപ്പിക്കും. കേരളത്തിലായിരിക്കും മാരത്തോണ്‍ നടക്കുക. അടുത്ത വര്‍ഷം ആദ്യമോ ഈ വര്‍ഷം അവസാനമോ പരിപാടി നടത്തുവനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഈ മാസം അഞ്ചാം തിയതി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎ എബ്രഹാം, സുമന്‍ബില്ല എഐഎസ്, ടൂറിസം ഡയറക്ടര്‍ പിബി നൂഹ് ഐഎസ്എസ്, യു ഷറഫലി എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.