സാങ്കേതിക യൂണി: സർട്ടിഫിക്കറ്റുകളിൽ ഒപ്പിടാൻ അനുവദിക്കാതെ ഉദ്യോഗസ്ഥപ്പട

കൊച്ചി. സാങ്കേതിക സർവകലാശാല വി.സിയായി നവംബർ നാലിനു ചുമതലയേറ്റ ഡോ. സിസ തോമസിനെ ഡിഗ്രി സർട്ടിഫിക്കറ്റുകളിൽ ഒപ്പിടാൻ
അനുവദിക്കാതെ സർവകലാശാലയിലെ എൽ ഡി എഫ് ഉദ്യോഗസ്ഥപ്പട ബുദ്ധിമുട്ടിക്കുന്നു. തന്നെ ഡിഗ്രി സർട്ടിഫിക്കറ്റുകളിൽ ഒപ്പിടാൻ സർവകലാശാലാ അധികൃതർ അനുവദിക്കുന്നില്ലെന്നും, ഇത് തൊഴിലും ഉപരിപഠനവും കാത്തിരിക്കുന്ന നിരവധി വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിച്ചിരിക്കുന്നതായും ഡോ. സിസ തോമസ് ഹൈക്കോടതിയർ അറിയിച്ചു.

ഡിജിറ്റൽ ഒപ്പിടാനുള്ള സൗകര്യം സർവകലാശാലയിലെ ഉദ്യോഗസ്ഥപ്പട ഡോ. സിസ തോമസിനു ലഭ്യമാക്കിയിട്ടില്ല. ഉദ്യോഗസ്ഥരുടെ നിസഹകരണം കാരണമാണിതെന്നും ഡോ. സിസ ഹൈക്കോടതിയിൽ നൽകിയ സത്യവാഗ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്. സാങ്കേതിക സർവകലാശാല വി.സിയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്ന് ഡോ. സിസ തോമസിനെ ഗവർണർ താത്കാലിക വി.സിയായി നിയമിക്കുകയായിരുന്നു.

ഇതിനെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കി ഡോ. സിസ മറുപടി സത്യവാങ്മൂലം നൽകിയിരിക്കുന്നത്. വി.സിയായി തന്നെ നിയമിച്ച ഗവർണറുടെ നടപടിയെ ചോദ്യം ചെയ്യാൻ സർക്കാരിന് കഴിയില്ല. ഗവർണർ സർക്കാരിന്റെ ഭാഗമാണ്. ആ നിലയ്ക്ക് തന്നെ പദവിയിൽ വിലക്കണമെന്നാവശ്യപ്പെട്ട് ക്വോ വാറന്റോ ഹർജി നൽകാൻ സർക്കാരിന് നിയമപരമായി അധികാരമില്ലെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്.

1991ൽ അദ്ധ്യാപികയായി സർവീസിൽ പ്രവേശിച്ച തനിക്ക് 32 വർഷത്തെ അദ്ധ്യാപന പരിചയമുണ്ട്. അഡ്‌മിനിസ്ട്രേറ്റീവ് സ്ഥാപനങ്ങളിൽ 13 വർഷത്തെ പ്രവൃത്തി പരിചയമുണ്ട്. വി.സിയുടെ പദവി വഹിക്കാൻ തനിക്ക് മതിയായ യോഗ്യതയുണ്ടെന്നും സത്യവാങ്മൂലത്തിൽ ഡോ. സിസ വിശദീകരിച്ചിട്ടുണ്ട്. ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.