സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനം, ഗവർണറെ അവഗണിച്ച് സെർച്ച്‌ കമ്മിറ്റി രൂപീകരിച്ച് സർക്കാർ

സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് സ്വന്തം നിലയ്ക്ക് സെർച്ച്‌ കമ്മിറ്റി രൂപീകരിച്ച് സർക്കാർ. സർവകലാശാലകളിൽ വിസി നിയമനത്തിന് ഗവർണറോട് നിർദേശിക്കണമെന്ന ഹർജി നാളെ കോടതി പരിഗണിക്കാനിരിക്കേയാണ് സർക്കാർ നീക്കം. സെർച്ച് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി.

സുപ്രിംകോടതി വിധിയനുസരിച്ച് ഗവർണർക്കാണ് വിസിമാരെ നിയമിക്കാനും സെർച്ച് കമ്മിറ്റി രൂപീകരിക്കാനും അധികാരം. സർവകലാശാല ചാൻസലറായ കൂടിയായ ഗവർണറെ അവഗണിച്ചാണ് സർക്കാർ നീക്കം. രാഷ്‌ട്രപതി അനുമതി നിഷേധിച്ച ബില്ലിലെ വ്യവസ്ഥകൾ പ്രകാരമാണ് സർക്കാർ ഉത്തരവ്. വിസി നിയമത്തിന് സർക്കാരിന് അവകാശം നൽകുന്നതായിരുന്നു ഭേദഗതി. സർവകലാശാല, യുജിസി ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രതിനിധികളെ ഉൾപ്പെടുത്തിയാകും സെർച്ച് കമ്മിറ്റി രൂപീകരിക്കുക.

രാജ്ഭവനോട് നോമിനിയെ നിർദേശിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജ്ഭവൻ ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല. തുടർന്നാണ് സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റിയെ രൂപീകരിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.