തലശേരി ഇരട്ടക്കൊല: കത്തിയും ഓട്ടോയും കണ്ടെത്തി

തലശേരി: തലശേരി ഇരട്ടക്കൊലപാതകത്തിൽ പ്രതികൾ ഉപയോ​ഗിച്ച ആയുധവും, സഞ്ചരിച്ച ഓട്ടോ റിക്ഷയും പൊലീസ് കണ്ടെത്തി. ഒന്നാം പ്രതി പാറായി ബാബുവാണ് കൊലപാതകത്തിന് ഉപോ​ഗിച്ച ആയുധം പൊലീസിനു കാണിച്ചു കൊടുത്തത്. കൊല്ലാൻ ഉപയോഗിച്ച കത്തി കേസിലെ അഞ്ചാം പ്രതി സന്ദീപിന്റെ കമ്പോണ്ടർ മുക്കിലെ വീടിന് സമീപത്ത് നിന്നുമാണ് കണ്ടെത്തിയത്. ഇവിടെ നിന്നും പ്രതികൾ സഞ്ചരിച്ച ഓട്ടോയും കണ്ടെത്തി.

തലശേരിയിൽ ലഹരി വിൽപ്പന ചോദ്യം ചെയ്തതിനാണ് സിപിഎം പ്രവർത്തകരായ രണ്ടു പേരേ കഴിഞ്ഞ ദിവസം വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. എല്ലാവരും സ്ഥലത്തെ അറിയപ്പെടുന്ന ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളും പ്രവർത്തകരുമാണ്. തലശേരി സ്വദേശികളായ പാറായി ബാബു, ജാക്ക്സൺ, ഫർഹാൻ, നവീൻ എന്നിവരാണ് പൊലീസിൻറെ പിടിയിലായത്.

കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കേസിലെ പ്രധാന പ്രതി ബാബു പിടിയിലായത്. പ്രതി സഞ്ചരിച്ച കാർ വളഞ്ഞിട്ട് സാഹസികമായാണ് പൊലീസ് ഇയാളെ കീഴ്പെടുത്തിയത്. ബാബുവിനെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ട് പേരെക്കൂടി പിടികൂടി. എല്ലാവരെയും പൊലീസ് കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡി അപേക്ഷ നൽകും.