വ്യോമസേനയും വിജ്ഞാപനമിറക്കി,24 മുതല്‍ അപേക്ഷകള്‍ നൽകാം.

ന്യൂഡല്‍ഹി/ കരസേനയ്ക്ക് പിറകെ അഗ്നിപഥ് റിക്രൂട്ട്‌മെന്റിന് വ്യോമസേനയും വിജ്ഞാപനമിറക്കി. അപേക്ഷകര്‍ക്ക് ഓണ്‍ലൈനായി ഈ മാസം 24 മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷ നല്‍കാനുള്ള അവസാന തീയതി ജൂലൈ 5 ആണ്. ഓണ്‍ലൈന്‍ പരീക്ഷ അടുത്ത മാസം 24ന് നടത്തും.

അഗ്നിപഥ് റിക്രൂട്ട്‌മെന്റിന് വ്യോമസേന ഓണ്‍ലൈനായി മാത്രമാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിശദാംശങ്ങള്‍ അറിയുന്നതിനായി indianairforce.nic.in, agnipathvayu.cdac.in ഈ വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. കരസേനയിലെ റിക്രൂട്ട്‌മെന്റ് റാലികള്‍ ഓഗസ്റ്റില്‍ ആരംഭിക്കും. ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ അടുത്ത മാസമാദ്യം തുടങ്ങും. നാവികസേനയും വരുംദിവസങ്ങളില്‍ വിജ്ഞാപനമിറ ക്കുന്നതോടെ, സേനകളില്‍ ഓഫിസര്‍ റാങ്കിനു താഴെയുള്ള നിയമനങ്ങള്‍ പൂര്‍ണമായി അഗ്‌നിപഥിലേക്ക് മാറുകയാണ്.

അതേസമയം, അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള ഹര്‍ജികളില്‍ തീരുമാനമെടുക്കു ന്നതിന് മുമ്പ് സര്‍ക്കാര്‍ വിശദീകരണം കേള്‍ക്കാന്‍ തയാറാകണമെന്ന് സുപ്രീംകോടതിയില്‍ നോട്ടീസ് നല്‍കി കേന്ദ്രം. അഗ്നിപഥ് പദ്ധതിക്കെതിരെ മൂന്നു ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ ഇതുവരെ സമര്‍പ്പിച്ചിരിക്കുന്നത്.

അഭിഭാഷകനായ ഹര്‍ഷ് അജയ് സിംഗാണ് അഗ്നിപഥ് പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ തിങ്കളാഴ്ച ഹര്‍ജി സമര്‍പ്പിച്ചത്. പദ്ധതിക്കെതിരെ രാജ്യത്തുടനീളമുണ്ടായ പ്രക്ഷോഭങ്ങളും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അഭിഭാഷകരായ എംഎല്‍ ശര്‍മയും വിശാല്‍ തിവാരിയും പദ്ധതിക്കെതിരെ നേരത്തെ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.