നടന്‍ പൃഥിരാജിനെതിരെ ഭീക്ഷണി ഉണ്ടെന്ന പ്രചാരണം തെറ്റ് – വിശ്വ ഹിന്ദു പരിഷത്ത്

ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്‍ പൃഥിരാജിനെതിരെ ഭീക്ഷണി ഉണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതം. പൃഥിരാജിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ച വ്യക്തിയുമായി വിശ്വഹിന്ദു പരിഷത്തിന് യാതൊരു ബന്ധവും ഇല്ലെന്നും, പ്രചാരണം അടിസ്ഥാന രഹിതമെന്നും വിശ്വ ഹിന്ദു പരിഷത്ത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിഎച്ച്പിയില്‍ നിന്നും പുറത്താക്കപ്പെട്ട വ്യക്തിയാണ് പോസ്റ്റിട്ടതെന്ന് വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍ എന്നിവര്‍ പറഞ്ഞിരിക്കുന്നു.

ഒരു സിനിമ ജനിക്കുന്നതിന് മുമ്പ് അതിന്റെ ജാതകം എഴുതാന്‍ അത്ര ബുദ്ധിയില്ലാത്തവരല്ല വിശ്വഹിന്ദു പരിഷത്ത്. എന്തു സിനിമയാണെങ്കിലും അത് റിലീസ് ചെയ്യട്ടെയെന്നാണ് തങ്ങളുടെ നിലപാട്. സിനിമ വന്നതിനു ശേഷം അതില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ ആ സമയത്ത് സംഘടനയുടെ പ്രതികരണം ഉണ്ടാവുന്നതാണ്. അതല്ലാതെ നിലവിലെ വിവാദവുമായി വിശ്വഹിന്ദു പരിഷത്തിന് യാതൊരു വിധ ബന്ധവുമില്ല. അനാവശ്യമായി വിശ്വ ഹിന്ദു പരിഷത്തിനെ ഇക്കാര്യത്തിലേക്ക് വലിച്ചിഴച്ചത് പ്രതിഷേധാര്‍ഹമാണ് – നേതാക്കള്‍ പറഞ്ഞു.

പൃഥ്വിരാജ്–ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന ചിത്രത്തിനെതിരെയാണ് ഭീ‌ഷണിയുമായി രാജ്യാന്തര വിശ്വഹിന്ദു പരിഷത്ത് മുൻ നേതാവ് പ്രതീഷ് വിശ്വനാഥ് രംഗത്ത് വന്നിരുന്നു. ഗുരുവായൂരപ്പന്‍റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ വാരിയംകുന്നനെ ഓർത്താൽ മതിയെന്നായിരുന്നു പ്രതീഷ് വിശ്വനാഥ് നൽകിയ മുന്നറിയിപ്പ്.