കാർ ക്ഷേത്രത്തിൽ പൂജിക്കുന്നതിനിടെ മുന്നോട്ടു പാഞ്ഞു, തൂണിൽ ഇടിച്ച് തകർന്നു

ചെന്നൈ : കാർ ക്ഷേത്രത്തിൽ പൂജിക്കുന്നതിനിടെ മുന്നോട്ടുപാഞ്ഞ് തൂണിൽ ഇടിച്ച് തകർന്നു. കാർ പൂർണമായും തകർന്നെങ്കിലും വാഹനത്തിനുള്ളിലും സമീപത്തുമുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്യമത്തിൽ വൈറലായി.

കടലൂർ ജില്ലയിലെ ശ്രീമുഷ്‌നം പ്രദേശത്തുള്ള ഒരു ക്ഷേത്രത്തിലാണ് സുധാകരൻ എന്നയാൾ പുത്തൻ കാറുമായി എത്തിയത്. പൂജയ്ക്കുശേഷം പൂജാരിക്ക് ആശീർവദിക്കാനായി കാർ അല്പം മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടം സംഭവിച്ചത്. സുധാകരൻ തന്നെയാണ് കാർ ഓടിച്ചിരുന്നത്. ബ്രേക്കിന് പകരം ആക്സിലലേറ്ററിൽ കാലമർത്തിയതാണ് പ്രശ്നമായത്.

പിന്നാലെ കാർ മുന്നോട്ട് പാഞ്ഞു. സുധാകരന്റെ കാൽ വീണ്ടും ആക്സിലലേറ്ററിൽ അമർന്നു.ഇതോട‌െ കാർ ശരവേഗത്തിൽ മുന്നോട്ടുപോയി. വാഹനത്തിന് വെളിയിൽ നിന്ന് സുധാകരനുമായി സംസാരിച്ചുകൊണ്ടുനിന്നയാൾ കാറിൽ പറ്റിപ്പിടിച്ച് കിടക്കുന്നതും മറ്റൊരാൾ പുറകേ ഓടുന്നതും വീഡിയോയി കാണാം. പടിക്കെട്ടുകളിലൂടെ മുന്നോട്ടുപാഞ്ഞ കാർ കുറച്ചകലെയുള്ള തൂണിൽ ഇടിച്ചാണ് നിന്നത്.