നാമം ജപിച്ചാൽ കേസ്,ഹിന്ദുക്കൾ പ്രാർഥിച്ചാൽ കേസ്- എൻ എസ് എസ് ഹൈക്കോടതിയിൽ

നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ വിവാദപ്രസംഗത്തില്‍ പ്രതിഷേധിച്ച് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച തലസ്ഥാനത്ത് നടത്തിയ നാമജപഘോഷയാത്രയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ എസ് എസ് ഹൈക്കോടതിയിൽ.

  • എൻ എസ് എസ് ഉന്നയിക്കുന്ന പ്രധാനമായ കാര്യങ്ങൾ ഇങ്ങിനെ.
  • മറ്റ് മതങ്ങളിൽ നിന്നും വ്യത്യസ്തമായി ഹിന്ദുക്കളേ കേരളത്തിൽ വേട്ടയാടുന്നു
  • സമാധാനപരമായി പ്രാർഥന നടത്തിയതിനു കേസ്.
  • കൊലവിളി നടത്തി തെരുവിൽ അഴിഞ്ഞാടിയവർക്കെതിരെ കേസും അറസ്റ്റും ഇല്ല.
  • നാമം ജപിച്ചാൽ കേസ്
  • പ്രാർഥിച്ചാൽ കേസ്
  • ദൈവം നാമം ജപിച്ച് ഘോഷ യാത്ര നടത്തിയാലും ഹിന്ദുക്കൾ പ്രദക്ഷിണം ചെയ്താലും കേസും അറസ്റ്റും

എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ ആണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരാണ് ഹൈക്കോടതിയെ സമീപിച്ച കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്.

എന്‍.എസ്.എസ്. വൈസ് പ്രസിഡന്റും താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ എം. സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന ആയിരം എന്‍.എസ്.എസ്. പ്രവര്‍ത്തകരേയും പോലീസ് സ്വമേധയാ എടുത്ത കേസില്‍ പ്രതിചേര്‍ത്തു.

മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി കൂട്ടം കൂടിയതിനും ഗതാഗത തടസ്സം ഉണ്ടാക്കിയെന്നും ആരോപിച്ച് കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്. സംഗീത് കുമാറിനെ കൂടാതെ നാമജപ യാത്രയില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന ആയിരത്തിലധികം എന്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 143, 147, 149 283 വകുപ്പുകള്‍ ചേര്‍ത്താണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുകൂടാതെ കേരളാ പോലീസ് ആക്ടിന്റെ 39, 121, 77ബി വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പൊതുസ്ഥലങ്ങില്‍ ജാഥകളോ സമരങ്ങളോ നടത്താന്‍ പാടില്ലെന്നുള്ള നിയമത്തിന് വിപരീതമായി നാമജപയാത്ര നടത്തിയെന്നാണ് എഫ്.ഐ.ആറിലുള്ളത്.

മിത്ത് പരാമര്‍ശത്തില്‍ തിരുവനന്തപുരം പാളയം ഗണപതിക്ഷേത്രം മുതല്‍ പഴവങ്ങാടി വരെയാണ് എന്‍എസ്എസ് കഴിഞ്ഞദിവസം നാമജപയാത്ര സംഘടിപ്പിച്ചത്. വിശ്വാസികളുടെ പ്രശ്‌നത്തില്‍ ഇടത് സര്‍ക്കാര്‍ നിഷേധ നിലപാടാണ് സ്വീകരിക്കുന്നത്. എ.എന്‍. ഷംസീര്‍ നടത്തിയ പ്രസ്താവന തിരുത്താന്‍ തയ്യാറാകണം. അല്ലാതെ പിന്നോട്ടില്ലെന്നുമാണ് എന്‍എസ്എസിന്റെ നിലപാട്.