ചൈനയെ ഭീതിയിലാഴ്ത്തി വീണ്ടും കോവിഡ്, രാജ്യത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി കേന്ദ്രം

ന്യൂഡൽഹി. ചൈനയെ ഭീതിയിലാഴ്ത്തി വീണ്ടും കോവിഡ് വ്യാപനം. യുഎസിൽ പുതിയ കേസുകൾ വർധിക്കുന്നു. ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി കേന്ദ്രം. ചൈനയിലെയും യു എസ്സിലെയും നിലവിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ഏതു സാഹചര്യത്തെയും നേരിടാൻ തയാറായി ഇരിക്കാൻ കേന്ദ്ര സർക്കാർ നിർദേശം.

പുതിയ കോവിഡ് വകഭേദങ്ങള്‍ ഉണ്ടാവുന്നുണ്ടോ എന്ന് തിരിച്ചറിയുന്നതിന് പോസിറ്റീവ് കേസുകളുടെ ജനിതക ശ്രേണീകരണം വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചു. യുഎസ്, ജപ്പാൻ, കൊറിയ, ബ്രസീൽ, ചൈന എന്നിവിടങ്ങളിൽ പൊടുന്നനെ കോവിഡ് കേസുകളിൽ വർധന ഉണ്ടായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പോസിറ്റീവ് കേസുകളുടെ ജനിതക ശ്രേണീകരണം വർധിപ്പിക്കണം.

ഇവ ഇന്ത്യൻ സാർസ്–കോവ്2 ജീനോമിക്സ് കൺസോർഷ്യം (ഇൻസാകോഗ് – INSACOG) വഴി നിരീക്ഷിക്കണം. അതുവഴി രാജ്യത്തു പുതിയ വകഭേദങ്ങൾ വരുന്നുണ്ടോയെന്ന് അറിയാനാകും. ആവശ്യമെങ്കിൽ പൊതുജനാരോഗ്യ നടപടികൾ സ്വീകരിക്കാൻ ഇവ ഉതകും’’ – ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൻ അയച്ച കത്തിൽ പറയുന്നു.

ഇൻസാകോഗ് എന്നത് ഇന്ത്യയിലെ 50ൽ അധികം ലബോറട്ടറികളുടെ ഒരു ശൃംഖലയാണ്. കോവിഡ് കേസുകളിൽ ജനിതക വ്യതിയാനം നിരീക്ഷിക്കുകയാണ് ഇവർ ചെയ്തു വരുന്നത്. പുതിയ വൈറസ് വകഭേദത്തിന്റെ സവിശേഷതകൾ തിരിച്ചറിയാൻ ജീനോം സീക്വൻസിങ് എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. എല്ലാ പോസിറ്റീവ് കേസുകളുടെയും സാംപിളുകൾ‍ ഇൻ‍സാകോഗിലേക്ക് അയയ്ക്കണമെന്നും കേന്ദ്രം നിർദേശിക്കുന്നു.

മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചാല്‍ പുതിയ വകഭേദങ്ങളെ നേരത്തെ തന്നെ തിരിച്ചറിയാന്‍ കഴിയും. അതുവഴി ആരോഗ്യരംഗത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കും. ലാബുകളുടെ കൂട്ടായ്മയായ ഇന്‍സാകോഗ് വഴി ജനിതക ശ്രേണീകരണം നടത്തിയാണ് വൈറസുകളെ നിരീക്ഷിക്കുക. ആഗോള തലത്തിൽ ആഴ്ചയിൽ 35 ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നുവെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. ചൊവ്വാഴ്ച രാവിലെ ഇന്ത്യയിൽ 112 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആക്ടീവ് കേസുകളുടെ എണ്ണം 3,490 ആണെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ പറഞ്ഞിട്ടുണ്ട്.