പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ നടപടി വൈകിയതില്‍ നിരുപാധികം മാപ്പു പറഞ്ഞ് സര്‍ക്കാര്‍;സ്വത്തുക്കൾ ജനുവരി 15 നകം കണ്ടുകെട്ടും

കൊച്ചി. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച സംഭവത്തില്‍ നടപടി വൈകിയതില്‍ ഹൈക്കോടതിയില്‍ നിരുപാധികം മാപ്പു പറഞ്ഞു സര്‍ക്കാര്‍. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടണമെന്ന കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ മനപ്പൂര്‍വമായ വീഴ്ച വരുത്തിയിട്ടില്ല. രജിസ്‌ട്രേഷന്‍ വകുപ്പ് കണ്ടെത്തിയ വസ്തുക്കള്‍ ജനുവരി 15 ന് അകം കണ്ടുകെട്ടുമെന്നും ഹൈക്കോടതിയിൽ സര്‍ക്കാര്‍.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ കേസ് പരിഗണിച്ചപ്പോള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കോടതിയില്‍ ഹാജരായിരുന്നു. പൊതുമുതല്‍ സംരക്ഷിക്കല്‍ പ്രധാനമാണെന്ന് പറഞ്ഞ കോടതി, അല്ലാത്ത നടപടികള്‍ സമൂഹത്തിനെതിരാണെന്നും, അത്തരം നടപടികള്‍ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്നും അഭിപ്രായപ്പെട്ടു.

ജനുവരി 15 നകം റവന്യൂ റിക്കവറി പൂര്‍ത്തിയാക്കാമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയിൽ സത്യവാങ്മൂലം നല്‍കി. നേരത്തെ പിഎഫ്‌ഐ ഹര്‍ത്താല്‍ കേസില്‍ റവന്യൂ റിക്കവറി നടപടി വൈകുന്നതില്‍ ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നതാണ്. നടപടി പൂര്‍ത്തിയാക്കാന്‍ ആറുമാസം വേണമെന്ന സര്‍ക്കാരിന്റെ അപേക്ഷയും കോടതി തള്ളുകയായിരുന്നു.