‘വശീകരിക്കാൻ ചാറ്റോട് ചാറ്റ്, ലൈംഗികബന്ധ പൂതി പറഞ്ഞു വിളിപ്പിച്ച് വരുത്തി ഷാരോണിനെ കൊന്ന് ഗ്രീഷ്മ’

തിരുവനന്തപുരം. ‘നിനക്ക് ഒത്തിരി ആഗ്രഹം ഉണ്ടാവില്ലേ, എന്നെ ഞാൻ നിനക്ക് പൂർണമായും തരാം, നിനക്ക് വേണമെങ്കിൽ വാ’ സ്വന്തം ശരീരം കാമുകന് കൊടുക്കാമെന്നു കേട്ടാൽ ആണായി പിറന്ന ആരാണ് വീണു പോകാതിരിക്കുക, അത് ചതിയെന്നറിയാതെ ഓടിയെത്തി മരണത്തെ പുൽകു കയായിരുന്നു ഷാരോൺ. പാറശാലയിലെ ഷാരോണ്‍ രാജ് വധക്കേസില്‍ പൊലീസ് നൽകിയ 62 പേജുള്ള കുറ്റപത്രത്തിലെ വിവരങ്ങൾ ഞെട്ടിക്കും.

ലൈംഗികബന്ധപെടാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് വിളിച്ച് വരുത്തിയാണ് ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയതെന്നു കുറ്റപത്രത്തില്‍. ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുള്ള സൈനികന്റെ വിവാഹാലോചന വന്നതോടെ ഷാരോണുമായുള്ള പ്രണയബന്ധം അവസാനിപ്പിക്കാൻ പല കള്ളങ്ങള്‍ പറഞ്ഞിട്ടും ഷാരോൺ പിന്മാറാതായ സാഹചര്യത്തിലാണ് ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ തീരുമാനിക്കുന്നത്. ഡോളോ ഗുളിക കലർത്തിയ ജൂസ് നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്താൻ തീരുമാനിച്ചത്.

ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ തീരുമാനിച്ചത്, ഏറെ നാളത്തെ ആസൂത്രണത്തിനുശേഷമായിരുന്നു. കൊലപാതകത്തിന്റെ വിവിധ രീതികൾ ഗൂഗിളിൽ സെർച്ച് ചെയ്തിരുന്നു. ഒടുവിൽ കഷായത്തിൽ കളനാശിനി കലർത്താൻ തീരുമാനിക്കുകയായിരുന്നു. 2022 ഒക്ടോബർ 14ന് വശീകരിക്കുന്ന രീതിയിൽ ചാറ്റ് ചെയ്ത ശേഷം ലൈംഗികബന്ധത്തിനായി ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്കു വിളിച്ചു വരുത്തി. ഈ വാട്‌സാപ് ചാറ്റിന്റെ തെളിവുകൾ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഷാരോണ്‍ വീട്ടിലെത്തും മുൻപ് ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി വെച്ചിരുന്നു. അസുഖം മാറാനായി താൻ കഷായം കുടിക്കുന്നുണ്ടെന്ന് ഗ്രീഷ്മ നേരത്തെ ഷാരോണിനോട് പറഞ്ഞിരുന്നതുമാണ്. കഷായത്തിനു നല്ല കയ്പ്പാണെന്നും അതറിയണമെങ്കിൽ അൽപം കുടിച്ചു നോക്കാനും ഗ്രീഷ്മ ആവശ്യപ്പെടുകയുണ്ടായി. തുടര്‍ന്ന് ഒരു ഗ്ലാസ് കഷായം ഷാരോണിനെകൊണ്ട് കുടിപ്പിച്ചു. കഷായം കുടിച്ച ഉടനെ ഷാരോൺ ഛർദിച്ചു. കഷായത്തിന്റെ കയ്പ്പു കാരണമാണ് ഛർദിച്ചതെന്നും താനും ഛർദിച്ചിട്ടുണ്ടെന്നും ഗ്രീഷ്മ ഷാരോണിനോട് അതിനു സമാധാനമായി പറഞ്ഞു. വീടിനു പുറത്തേക്ക് പോയ ഷാരോണ്‍ ഛര്‍ദിച്ച് അവശനായാണ് പുറത്തു കാത്തിരുന്ന സുഹൃത്തിന്റെ അടുത്തെത്തുന്നത്. സുഹൃത്താണ് ഷാരോണിനെ വീട്ടിലെത്തിച്ചത് – കുറ്റപത്രത്തില്‍ പറയുന്നു.

ഗ്രീഷ്മയുടെ വീട്ടില്‍നിന്ന് കഷായം കുടിച്ച് അവശനായ ഷാരോണ്‍ ചികിത്സയിലിരി ക്കെ ഒക്ടോബര്‍ 25നാണ് മരണപ്പെടുന്നത്. തൊട്ടു പിറകെ കുടുംബം ഗ്രീഷ്മയ്‌ക്കെതിരെ രംഗത്തെത്തി. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ഗ്രീഷ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയും ചെയ്തതോടെ സംഭവം കൊലപാതകമാണെന്നു തെളിയുകയായിരുന്നു.

ഒന്നാംപ്രതി ഗ്രീഷ്മ, രണ്ടാംപ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധു, മൂന്നാംപ്രതി അമ്മാവന്‍ നിര്‍മല്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് സംഘം നെയ്യാറ്റിന്‍കര സെഷൻസ് കോടതിയില്‍ കുറ്റപത്രം നൽകിയിട്ടുള്ളത്. അമ്മയോടും അമ്മാവനോടും ഷാരോണിനെ കൊലപ്പെടുത്തിയ കാര്യം ഗ്രീഷ്മ പറഞ്ഞിരുന്നതാണ്. കൊലപാതകത്തിൽ പങ്കില്ലെങ്കിലും തെളിവുകൾ നശിപ്പിക്കാന്‍ ഇരുവരും സഹായിക്കുകയുണ്ടായി. പ്രണയത്തിന്റെ മറവിലെ ചതിയറിയാതെ ഷാരോണ്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു. 142 സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.