മോഷ്ടിച്ച കാർ കാട്ടികൊടുത്തിട്ടും പോലീസ് പിടിക്കുന്നില്ല, ഇപ്പോഴും പെറ്റിയും ഫൈനും വരുന്നത് ഉടമയുടെ പേരിൽ

ആറു കൊല്ലമായി നഷ്ടപെട്ട കാർ കിട്ടാൻ പോലീസ് സ്റ്റേഷനിൽ കയറി ഇറങ്ങുകയാണ്‌ യുവാവ്. 2017ൽ കാർ ആശുപത്രിയിലെ ബില്ലടയ്ക്കാൻ പണയം വയ്ച്ചതാണ്‌. പിന്നീട് കാർ തിരികെ വാങ്ങാൻ ചെന്നപ്പോൾ കാണാതെ പോയി എന്നായിരുന്നു മറുപടി. 6 കൊല്ലമായി തിരുവനന്തപുരം സിറ്റിയിലൂടെ ഈ കാർ ഓടുന്നു. കാറിന്റെ പെറ്റിയും ഫൈനും എല്ലാം ഇപ്പോഴും ഇവരുടെ പേരിൽ വരുന്നു. കാറിന്റെ എല്ലാ രേഖകളും ഇവരുടെ പേരിലാണ്‌. എന്നിരുന്നാലും 6 കൊല്ലമായി കാർ പോലീസ് കണ്ടെത്തി ഉടമയ്ക്ക് നല്കുന്നില്ല.

രതീഷ് വിളനാട് എന്ന യുവാവിനാണ് ഇത്തരത്തിലൊരു ദുരിതം വന്നു ചേർന്നിരിക്കുന്നത് .തന്റെ പിതാവിന്റെ പേരിലുള്ള കാർ ആശുപത്രി ആവശ്യം വന്നപ്പോൾ വിളനാട് വിഷ്ണു എന്നയാൾക്ക് പണയംവെച്ചു. പിന്നീട് അത് വാങ്ങാൻചെന്നപ്പോൾ അത് മറിച്ചു വിറ്റുവെന്ന് വിഷ്ണു പറഞ്ഞു. തുടർന്ന് കേസ് കൊടുത്തു. എന്നാൽ പൊലീസ് തങ്ങളെ ഭീഷണിപ്പെടുത്തുകയും വണ്ടി വിഷ്ണുവിന്റെ പേരിൽ എഴുതിക്കൊടുക്കാൻ പറയുകയും ചെയ്തു. ​ഗുണ്ടായിസവും, പലിശയ്ക്ക് പണം കൊടുക്കലുമുൾപ്പെടെ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന വിഷ്ണുവിനെതിരെ പരാതി കൊടുക്കാനോ, നടപടിയെടുക്കാനോ അധികൃതർ തയ്യാറാകുന്നില്ല.

തന്റെ അച്ഛന്റെ പേരിലാണ് കാർ. വാഹനവുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ അതിക്രമങ്ങൾക്കും രതീഷിന്റെ അച്ഛനെ പ്രതിയാക്കുമെന്നും, അതിന് സമാധാനം പറയേണ്ടി വരുമെന്നും പൊലീസ് ഭീഷണിപ്പെടുത്തുകയും, വാഹനം വിഷ്ണുവിന്റെ പേരിൽ എഴുതിക്കൊടുക്കണമെന്നുമാണ് പറയുന്നത്. ഇത്തരം പ്രവർത്തികൾക്ക് നീതി നടപ്പാക്കേണ്ടവർ കുടപിടിക്കുമ്പോ നിരപരാധികളാണ് നീതി ലഭിക്കാതെ ദുരിതം അനുഭവിക്കുന്നത്.