ഇന്ന് കരസേനാ ദിനം; ഇന്ത്യന്‍ സൈനികര്‍ക്ക് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

രാജ്യം 73ാം കരസേനാ ദിനം ആചരിക്കുമ്പോള്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. രാജ്യത്തിനായുള്ള സേവനത്തില്‍ ജീവത്യാഗം ചെയ്ത ധീര സൈനികരെ സ്മരിക്കുന്നുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ സൈന്യത്തിലെ ധീര സൈനികര്‍ക്ക് ആശംസകള്‍. രാജ്യത്തിന് വേണ്ടി പ്രതിജ്ഞാബദ്ധരായ സൈനികരോടും കുടുംബത്തോടും ഇന്ത്യ എന്നും കടപ്പെട്ടിരിക്കുന്നുവെന്നും രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്തിനായി സേവനം അനുഷ്ഠിക്കുന്ന സൈനികര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കരസേനാ ദിനത്തില്‍ ആശംസകള്‍ അറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ശക്തവും ധീരവും നിശ്ചയദാര്‍ഢ്യവുമുള്ള സൈന്യമാണ് രാജ്യത്തിന്റേത്. എല്ലായ്‌പ്പോഴും രാജ്യത്തിന്റെ അഭിമാനം സൈന്യം വാനോളം ഉയര്‍ത്തുന്നു. എല്ലാ പൗരന്മാര്‍ക്കുമായി സൈനികരെ അഭിവാദ്യം ചെയ്യുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞു.