റഷ്യയിൽ സന്ദർശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി, വ്ളാദിമിർ പുതിനുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മോസ്കോവിലെത്തും. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം. നാല്‍പത് കൊല്ലത്തിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓസ്ട്രിയൻ സന്ദർശനം. യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷമുളള മോദിയുടെ ആദ്യ റഷ്യന്‍ യാത്ര കൂടിയാണിത്.

ജൂലൈ 8,9 തീയതികളിലാണ് സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലുള്ള ബന്ധം നേതാക്കൾ അവലോകനം ചെയ്യുകയും പൊതുതാത്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിൽ അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.

റഷ്യ-ഉക്രെയ്ൻ പ്രശ്നങ്ങൾ ആരംഭിച്ചതിന് ശേഷം പ്രധാനമന്ത്രി മോദിയുടെ റഷ്യയിലേക്കുള്ള ആദ്യ യാത്രയാണിത്. 2019-ൽ ഒരു സാമ്പത്തിക കോൺക്ലേവിൽ പങ്കെടുക്കുന്നതിനായിരുന്നു അദ്ദേഹം അവസാനം റഷ്യയിലെത്തിയത്. 2022 ഫെബ്രുവരിയിലാണ് റഷ്യ-ഉക്രെയ്ൻ ബന്ധം വഷളായത്. 2022 സെപ്റ്റംബറിൽ ഉസ്‌ബെക്കിസ്താനിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പുതിനും മോദിയും കൂടികാഴ്ച നടത്തിയിരുന്നു.

റഷ്യ ഉച്ചകോടിക്ക് ശേഷം, പ്രധാനമന്ത്രി ഓസ്ട്രിയയിലേക്ക് പോകും. ജൂലൈ 9,10 തീയതികളിലാണ് സന്ദർശനം. വിയന്നയിലെത്തുന്ന പ്രധാനമന്ത്രി ഓസ്ട്രിയൻ പ്രസിഡൻ്റ് അലക്സാണ്ടർ വാൻ ഡെർ ബെല്ലെയെ സന്ദർശിക്കുകയും രാജ്യത്തിൻ്റെ ചാൻസലർ കാൾ നെഹാമറുമായി ചർച്ചനടത്തുകയും ചെയ്യും. തുടർന്ന് ഇരുവരും ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖരെ കാണും.

1983-ൽ ഇന്ദിരാഗാന്ധി നടത്തിയ സന്ദർശനത്തിനു ശേഷം 41 വർഷം കഴിഞ്ഞാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയയിലെത്തുന്നതെന്ന പ്രത്യേകതയും ഈ സന്ദർശനത്തിനുണ്ട്.