പൊതു പണിമുടക്ക്; കൊച്ചിയിലെ തിയേറ്ററുകൾ തുറന്നു, ആറ് മണിക്കു ശേഷമുള്ള ഷോകൾ ഉണ്ടാകും

ദേശീയ പണിമുടക്കിന്റെ ഭാ​ഗമായി അടച്ചിട്ടിരുന്ന കൊച്ചിയിലെ തിയേറ്ററുകൾ തുറന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് തിയേറ്ററുകൾ തുറന്നത്. ആറ് മണിക്ക് ശേഷമുള്ള ഷോകൾ തിയേറ്ററുകളിൽ ഉണ്ടാകും. പണിമുടക്കിന്റെ പശ്ചാത്തലത്തിൽ രാവിലെ തിയേറ്ററുകൾ തുറന്നിരുന്നില്ല. നാളെയും വൈകിട്ട് തിയേറ്ററുകളിൽ പ്രദർശനമുണ്ടാകും.പൊതു പണിമുടക്കിൽ നിന്ന് കേരളത്തിലെ സിനിമ തിയേറ്ററുകളെ ഒഴിവാക്കണമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് നേരത്തേ ആവശ്യപ്പെട്ടിരുന്നു.

കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി കേരളത്തിൽ ദീർഘനാളാണ് തിയേറ്ററുകൾ അടഞ്ഞു കിടന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തിയേറ്ററുകൾ വീണ്ടും പൂർണമായി തുറന്നത്. ഈ ഘട്ടത്തിൽ തിയേറ്ററുകൾ അടച്ചിടുന്നത് വലിയ തിരിച്ചടിയാകുമെന്ന് ഫിയോക്ക് വ്യക്തമാക്കിയിരുന്നു.ഇന്ധന വിലവർധന അടക്കം കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ തീരുമാനങ്ങൾക്ക് എതിരെയാണ് പണിമുടക്ക് നടന്നത്.