പൊണ്ണത്തടിയാണ് ഫ്രെയിമിൽ കൊള്ളില്ലെന്ന് എവിടെചെന്നാലും പറയും, മധുരപ്രതികാരവുമായി തീർത്ഥ

പൊണ്ണത്തടിയാണ് ഫ്രെയിമിൽ കൊള്ളില്ലെന്ന് എവിടെചെന്നാലും പറയും, മധുരപ്രതികാരവുമായി തീർത്ഥപൊണ്ണത്തടി കുറച്ചിട്ട് വാ… അപ്പോ നോക്കാം എവിടെചെന്നാലും തീർത്ഥ കേൾക്കുന്ന വാക്കുകളാണിവ. ബോഡിഷെയിമിം​ഗിന്റെ പരിഹാസവാക്കുകളെ അതിജീവിച്ച് തടിയുള്ളവർക്കും മോഡലിംഗ് രംഗത്ത് ട്രെൻഡിംഗ് ആവാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് തീർഥ അനിൽകുമാർ. കണ്ണൂർ തലശ്ശേരിക്കാരിയായ തീർത്ഥ ‘ഭൂതം’ എന്ന തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച ചിത്രങ്ങളെല്ലാം ഇപ്പോൾ വൈറലാണ്. ഫേക്ക് ഐഡികളിലൂടെ പല മോശം കമന്റുകൾ വരുമെങ്കിലും അതൊന്നും വകവെയ്ക്കാതെ തീർത്ഥ മുന്നേറുകയാണ്. മോഡെലിങ്ങിലുള്ള അതിയായ മോഹം മൂലം പല പരസ്യ ചിത്ര ഷൂട്ടിങ്ങിലും പങ്കെടുത്തപ്പോഴും തനിക്ക് നേരിടേണ്ടി വന്നത് പരിഹാസവാക്കുകളും അവഗണനയുമാണെന്ന് തീർത്ഥ പറയുന്നു.

തീർത്ഥക്ക് പറയാനുള്ളത് ഇങ്ങനെ:

തടിയുള്ളവരുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളുമെല്ലാം ഇന്നും പലരുടേയും ചവറ്റുകൊട്ടയിലാണ്. പക്ഷെ ആ അവഗണനയിൽ നിന്ന് ഞാൻ എന്റെ സ്വപ്നത്തിലേക്ക് നടന്നു കയറി. ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിനു ചെന്നപ്പോഴാണ് ഏറ്റവും വേദനിപ്പിക്കുന്ന അനുഭവം ഉണ്ടായത്. അന്ന് എന്റെ കൂടെ ഉള്ളവരെല്ലാം ‘സീറോ സൈസ്’ മോഡലുകളാണ്. എനിക്ക് തടിയുണ്ടെന്ന് പറഞ്ഞ് പുറകിലേക്ക് മാറ്റി നിർത്തി. ഒടുവിൽ പരസ്യം പുറത്ത് വന്നപ്പോൾ ഞാനില്ല.

അതിന് ശേഷവും ഒരുപാട് മാഗസീനുകളിൽ ട്രൈ ചെയ്തു. അപ്പോഴും സ്ഥിരം പല്ലവിയിൽ പരിഹാസ വാക്കുകൾ കേട്ടു ‘പോയി തടി കുറച്ചിട്ട് വാ…’ പക്ഷെ എല്ലാം പോസിറ്റീവായി എടുക്കാൻ ഞാൻ പഠിച്ചിരുന്നു. തടിയുള്ളവർക്കും സ്വപ്നങ്ങളും ആഗ്രഹങ്ങളുമുണ്ട്. എന്നെങ്കിലുമൊരു ദിനസം ഏതെങ്കിലും ഒരു മാഗസീനിന്റെ കവർ ഗേൾ ആകണം എന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. എന്റെ വീട്ടുകാരും സുഹൃത്തുകളുമാണ് എന്റെ സ്വപ്നത്തിലേക്കുള്ള ഏറ്റവും വലിയ ഊർജം.

അവസാനം എന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ച ചിത്രങ്ങളണ് വൈറലായത്.

തടികാരണം തന്റെ സ്വപ്നങ്ങൾ മാറ്റി വയ്ക്കുന്നവരോട് എനിക്ക് പറയാനുള്ളത് നമ്മുടെ ഇഷ്ടങ്ങൾക്ക് പിറകേ പോകണം എന്നാണ്. അങ്ങനെ സ്വപ്നത്തെ പിന്തുടരുമ്പോൾ നമ്മൾ എങ്ങനെ ഇരിക്കും എന്നത് ഒരു തടസ്സമാകരുത്…… തീർത്ഥ പറയുന്നു.