ട്രക്കുകളുടെ ഡ്രൈവർ കാബിനിൽ എസി ഉണ്ടാകണം, ഉത്തരവിറക്കി കേന്ദ്രസർക്കാർ

തിരുവനന്തപുരം : 2025 ഒക്ടോബർ ഒന്ന് മുതൽ രാജ്യത്ത് നിർമ്മിക്കുന്ന എല്ലാ ട്രക്കുകളിലും ഡ്രൈവിംഗ് കാബിനിൽ എസി നിർബന്ധമായിരിക്കണമെന്ന് ഉത്തരവ്. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി. 3.5 ടൺ മുതൽ 12 ടൺ വരെ ഭാരമുള്ള എൻ2 വിഭാഗത്തിലുള്ള ട്രക്കുകൾക്കും 12 ടണ്ണിന് മുകളിൽ ഭാരമുള്ള എൻ3 ട്രക്കുകൾക്കുമാണ് ഉത്തരവ് ബാധകമാവുക.

നീണ്ട യാത്രകൾ നടത്തുന്ന ഡ്രൈവർമാർക്ക് കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടായേക്കാവുന്ന ശാരീരിക അസ്വസ്ഥതകളും ക്ഷീണവും കുറയ്‌ക്കാനാണിത്. ഡ്രൈവർമാരുടെ ശ്രദ്ധ വർദ്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കും. ഹൈവേകളിലെ അപകട സാധ്യത ഒരു പരിധി വരെ കുറയ്‌ക്കാനാനും ഇതിലൂടെ ആകും.

കാബിനിൽ എയർ കണ്ടീഷനിംഗ് സംവിധാനം ഘടിപ്പിച്ചിരിക്കുന്നത് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണോ എന്നുള്ളത് പരിശോധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. ദീർഘദൂരം സഞ്ചരിക്കാനുള്ള ട്രക്കുകളിൽ ഡ്രൈവർമാർക്ക് വേണ്ട അടിസ്ഥാന സൗകര്യം ഉറപ്പാക്കാൻ വേണ്ടിയാണു പുതിയ തീരുമാനം.