പോലീസിന്റെ വാശിയില്‍ ഈ യുവാക്കള്‍ക്ക് തകര്‍ന്നത് ജീവിതം, 88 ദിവസം ജയിലില്‍ കഴിഞ്ഞു

മലപ്പുറം. സന്തോഷത്തോടെ ഒത്തുകൂടാന്‍ പോയ ആ നാലു ചെറുപ്പക്കാരെ കാത്തിരുന്നത് 88 ദിവസത്തെ ജയില്‍വാസം നഷ്ടമായത് ഇവരുടെ ജീവതത്തിലെ വലിയ സമ്പാദ്യവും. പോലീസ് ഇവരുടെ വാഹനത്തില്‍ നിന്നും ലഹരി മരുന്ന് പിടിച്ചുവെന്ന് പറഞ്ഞായിരുന്നി പീഡനം. എന്നാല്‍ പിന്നീട് പരിശോധന ഫലം വന്നപ്പോള്‍ അത് ലഹരിമരുന്ന് അല്ലെന്ന് വ്യക്തമായി. സന്തോഷത്തോടെ സുഹൃത്തുക്കളുമായി ഒത്തുകൂടുവാന്‍ പോയ ദിവസമാണ് ജീവിതം മാറ്റി മറിച്ചതെന്ന് യുവാക്കള്‍ പറയുന്നു.

അന്ന് തങ്ങളില്‍ നിന്നും പോലീസ് പിടിച്ചെടുത്തത് ലഹരി മരുന്ന് ആയിരുന്നില്ല. എന്നാല്‍ പോലീസ് ഇത് അംഗീകരിക്കുവാന്‍ തയ്യാറായില്ല. പോലീസിന്റെ വാശിയാണ് ദുരിതത്തിലാക്കിയത്. കൂട്ടുകാരില്‍ ഒരാള്‍ക്ക് വിദേശത്ത് ലഭിച്ച ജോലി പോയി. മറ്റൊരാളുടെ ഭാര്യ ഉപേക്ഷിച്ച് പോയി. നാട്ടുകാരുടെ മുന്നില്‍ അപാനിക്കപ്പെട്ടു. മൂന്ന് മാസത്തോളം ജയിലില്‍ ദുരിത ജീവിതം അനുഭവിച്ചു.

മണിയാണിരിക്കടവ് പാലത്തിനു സമീപം പരിശോധിക്കുന്നതിനിടെ ലഭിച്ച വെളുത്ത പൊടി എംഡിഎംഎയാണ് എന്നാരോപിച്ചായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. കരിഞ്ചാപാടി സ്വദേശികളായ കരുവള്ളി മുബഷിര്‍, ഒളകര റിഷാദ്, മച്ചിങ്ങല്‍ ഉബൈദുല്ല എന്നിവരായിരുന്നു എന്നോടൊപ്പമുണ്ടായിരുന്നത്.

മുബഷീര്‍ വിദേശത്തുനിന്നു കൊണ്ടുവന്ന സുഗന്ധവസ്തുവാണ് അതെന്നും വണ്ടിയില്‍ സുഗന്ധത്തിനായി പുകച്ച് ഉപയോഗിക്കുന്നതാണെന്നും പറഞ്ഞിട്ടും പൊലീസ് അംഗീകരിച്ചില്ല. എംഡിഎംഎ ആണെന്നു സ്ഥിരീകരിച്ചെന്നു പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഉപദ്രവിക്കുകയായിരുന്നു. കോടതി വഴി കടുത്ത സമ്മര്‍ദ്ദം നടത്തിയാണ് രാസപരിശോധന വേഗത്തിലാക്കാനായത്. അത് എംഡിഎംഎ അല്ലെന്ന് തെളിഞ്ഞതോടെയാണ് പുറത്തിറങ്ങാനായത് ഷഫീഖ് പറഞ്ഞു.