ഗവര്‍ണറെ വളഞ്ഞിട്ട് ആക്രമിക്കാനും അപമാനിക്കാനും ശ്രമിക്കുന്നു- വി മുരളാധരന്‍

ന്യൂഡല്‍ഹി. കേരളത്തില്‍ അഴിമതിക്കെതിരെ ശക്തമായി പ്രതികരിക്കുന്നതിന്റെ പേരില്‍ ഗവര്‍ണറെ സിപിഎം വളഞ്ഞിട്ട് ആക്രമിക്കുകയും അപമാനിക്കുവാന്‍ ശ്രമിക്കുകയുമാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. ഗവര്‍ണര്‍ അദ്ദേഹത്തിന്റെ ഉത്തരവാദിത്തം കൃത്യമായി നടത്തണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ഗവര്‍ണറെ ഒറ്റപ്പെടുത്തുവാനുള്ള നീക്കത്തിന്റെ ഭാഗമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷത്തില്‍ നിന്നും ഗവര്‍ണറെ ഒഴിവാക്കിയതെന്നും വി മുരളീധരന്‍ ആരോപിക്കുന്നു.

കേരളത്തില്‍ ഗവര്‍ണറെ ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്തുവാനാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ശ്രമിക്കുന്നത്. ഇതിന്റെ ഒരു തുടക്കമാണ് കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസില്‍ നാം കണ്ടത്. പറയുന്ന കാര്യങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ കായികമായി നേരിടുമെന്നാണ് ഇതിലൂടെ സിപിഎമ്മും സര്‍ക്കാരും ഗവര്‍ണറോട് പറയുന്നതെന്നും. കേരളത്തില്‍ അഴിമതിക്കാരെ സംരക്ഷിക്കുന്ന സര്‍ക്കാരാണ് ഉള്ളതെന്നും വി മുരളീധരന്‍ പറയുന്നു.

കണ്ണൂരില്‍ ഗവര്‍ണറെ ആക്രമിക്കുവാന്‍ ശ്രമം ഉണ്ടായ കാര്യത്തില്‍ അന്വേഷണം വേണം. ഗവര്‍ണറെ ആക്രമിക്കുവാന്‍ കൂട്ട് നിന്ന കെകെ രാഗേഷിനെ പുറത്താക്കണമെന്നു വി മുരളീധരന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് ക്രമിനല്‍ സംഘത്തിന്റെ താവളമാണ്. സര്‍വകലാശാലകളുടെ സ്വയം ഭരണ അവകാശത്തെ ചോദ്യം ചെയ്യാതിരിക്കുന്നതിനാണ് ചാന്‍സിലര്‍ പദവി ഗവര്‍ണര്‍ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ എന്താണ് സംഭവിക്കുന്നത് ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് നീക്കുവാന്‍ ശ്രമം നടക്കുന്നു. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും മുരളീധരന്‍ പറഞ്ഞു.