ജില്ലയിൽ അളവുതൂക്ക തട്ടിപ്പുകള്‍ വ്യാപകമാകുന്നു

അമ്പലത്തറ: ജില്ലയിൽ അളവുതൂക്ക തട്ടിപ്പുകള്‍ വ്യാപകമാകയാണ്. വിലക്കയറ്റത്തില്‍ കുടംബ ബജറ്റ് താളംതെറ്റിയ സാധാരണക്കാരായ ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണ് ചില വ്യാപാരികൾ ചെയ്യുന്നത്.

ഒരു കിലോ സാധനം വാങ്ങുന്ന ഉപഭോക്താവിന് പലപ്പോഴും കിട്ടുന്നത് 800 ഉം 900ഉം ഗ്രാം സാധനമാണ്. ഇത്തരം സ്ഥാപനങ്ങളിൽ അധികൃതരുടെ മുദ്രണമില്ലാത്ത ത്രാസുകളാണ് ഉപയോഗിക്കുന്നത്. മത്സ്യം, ഇറച്ചി, പച്ചക്കറി, പഴവർഗങ്ങള്‍ എന്നിവമുതല്‍ ഗ്യാസ് ഏജന്‍സികളില്‍വരെ പരസ്യമായി അളവുതൂക്ക തട്ടിപ്പ് നടക്കുന്നെന്ന് ആക്ഷേപമുണ്ട്.

സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും പലവ്യഞ്ജന സാധനങ്ങള്‍ മുൻകൂട്ടി തൂക്കി കവറുകളിലാക്കിയാണ് വെച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ കവറുകള്‍ വാങ്ങിപ്പോകാറാണ് പതിവ്. വര്‍ഷം തോറും ത്രാസുകള്‍ ലീഗല്‍ മെട്രോളജി വകുപ്പിന്‍റെ ഓഫിസുകളില്‍ എത്തിച്ച് അളവുതൂക്കം ഉറപ്പിച്ച് സീല്‍ വെപ്പിക്കണമെന്നാണ് നിയമം. എന്നാല്‍, ജില്ലയിൽ പലയിടത്തും ഇത് പേരിനുപോലും നടക്കുന്നില്ല. ഇലക്ട്രോണിക് ത്രാസുകളില്‍ കച്ചവടക്കാര്‍ക്ക് കൃത്രിമം കാണിക്കാന്‍ എളുപ്പമാണ്.