തോട്ടം ശിവകരന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

തൃശൂര്‍. കോട്ടയം കുറിച്ചിത്താനം സ്വദേശിയായ തോട്ടം ശിവകരന്‍ നമ്പൂതിരിയെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ ശാന്തിയായി തിരഞ്ഞെടുത്തു. ഏപ്രില്‍ ഒന്ന് മുതല്‍ അടുത്ത ആറ് മാസത്തേക്കാണ് നിയമനം. ശനിയാഴ്ച ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി പിസി ദിനേശന്‍ നമ്പൂതിരിയുടെ സാന്നിധ്യത്തില്‍ നടത്തിയ നറുക്കെടുപ്പിലാണ് തോട്ടം ശിവകരന്‍ നമ്പൂതിരിക്ക് അവസരം ലഭിച്ചത്.

നമസ്‌കാര മണ്ഡപത്തില്‍ വെച്ച് വെള്ളിക്കുടത്തില്‍ നിന്ന് പിഎം ഭവദാസന്‍ നമ്പൂതിരിയാണ് നറുക്കെടുത്തത്. തന്ത്രി പിസി ദിനേശന്‍ നമ്പൂതിരിപ്പാട് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 39 പേരില്‍ 33 പേര്‍ എത്തിയിരുന്നു. ഇവരില്‍ നിന്നും യോഗ്യത നേടിയ 28 പേരുടെ പേരുകളാണ് എഴുതി വെള്ളിക്കുടത്തില്‍ നിക്ഷേപിച്ചത്.

ക്ഷേത്രം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട തോട്ടം ശിവകരന്‍ നമ്പൂതിരി ക്ഷേത്രത്തിലെ ഭജനത്തിന് ശേഷം മാര്‍ച്ച് 31ന് അടയാളചിഹ്നമായ താക്കോല്‍ക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി ചുമതലയേല്‍ക്കും.