സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

കൊച്ചി. കേരളത്തിലെ വിമാനത്താവളങ്ങള്‍വഴിയുള്ള സ്വര്‍ണക്കടത്തിന് സഹായിച്ച മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും നീക്കി. കസ്റ്റംസില്‍ അപൂര്‍വമായി മാത്രമാണ് സര്‍വീസില്‍ നിന്നും ഒഴിവാക്കുക. ഡല്‍ഹി സ്വദേശികളായ കൃഷന്‍ കുമാര്‍, രോഹിസ് കുമാര്‍ ശര്‍മ, ബിഹാര്‍ സ്വദേശിയായ സാകേന്ദ്ര പാസ്വാന്‍ എന്നിവരെയാണ് സര്‍വീസില്‍ നിന്നും നീക്കിയത്.

സ്വര്‍ണക്കടത്തുകാരെ സഹായിച്ച കുറ്റത്തിന് മുമ്പും ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. രണ്ടാം അന്വേഷണത്തിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. പിരിച്ചുവിടപ്പെട്ട ഉദ്യോഗസ്ഥരെ കള്ളക്കെടത്തുകാരുമായി ബന്ധപ്പെടുത്തിയ രാഹുല്‍ പണ്ഡിറ്റ് എന്നയാളെ മൂന്ന് വര്‍ഷം മുമ്പ് പുറത്താക്കിയിരുന്നു.

പുറത്താക്കിയവര്‍ കേരളത്തില്‍ കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളത്തിലാണ് ജോലി ചെയ്തിരുന്നത്. ഡിആര്‍ഐ 2019ല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ 4.5 കിലോ സ്വര്‍ണം പിടികൂടിയിരുന്നു. ഇതിന് സഹായിച്ചതെന്ന് വ്യക്തമായതോടെയാണ് ഇവര്‍ പിടിയിലായത്.