ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികള്‍ മരിച്ചു

ചെന്നൈ. റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ മൂന്ന് ഭിന്നശേഷിക്കാരായ കുട്ടികള്‍ ട്രെയിന്‍ തട്ടി മരിച്ചു. തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടിലാണ് സംഭവം. ഊര്‍പാക്കത്ത് റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. താംബരത്തുനിന്ന് ചെങ്കല്‍പേട്ടിലേക്ക വരുകയായിരുന്ന ട്രെയിനാണ് ഇവരെ ഇടിച്ചത്.

സംഭവസ്ഥലത്ത് തന്നെ മൂന്ന് പേരും മരിച്ചു. കര്‍ണാടക സ്വദേശികളായ സുരേഷ്, സഹോദരന്‍ രവി, സുഹൃത്ത് മഞ്ജുനാഥ് എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ താംബരം റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

മരിച്ച മൂന്ന് പേരുടെയും മാതാപിതാക്കള്‍ ഊര്‍പാക്കത്ത് കൂലിപ്പണി ചെയ്യുന്നവരാണ്. സുരേഷും രവിയും ബധിരരാണ്. മഞ്ജുനാഥിന് സംസാരിക്കാന്‍ കഴിയില്ല. സ്‌കൂള്‍ അവധിയായതിനാല്‍ മാതാപിതാക്കളെ കാണാന്‍ ഇവര്‍ ഊര്‍പാക്കത്ത് എത്തിയതായിരുന്നു.