നാസിലിനെതിരെ നിയമ നടപടിക്കൊരുങ്ങി തുഷാര്‍ വെള്ളാപ്പള്ളി

അജ്മാന്‍ കോടതിയില്‍ തനിക്കെതിരായി പരാതി നല്‍കിയ നാസില്‍ അബ്ദുള്ളക്കെതിരെ നിയമ നടപടിക്കൊരുങ്ങി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഗൂഢാലോചന, കൃത്രിമരേഖ ചമക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയായിരിക്കും നാസിലിനെതിരെ കേസ് നല്‍കുക.

യുഎഇയിലെ അജ്മാന്‍ കോടതിയില്‍ തുഷാറിനെതിരായി ഉണ്ടായിരുന്ന ചെക്ക് കേസില്‍ പരാതിക്കാരനായ നാസില്‍ അബ്ദുള്ള സമര്‍പ്പിച്ച രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് കേസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് തുഷാര്‍ നാസിലിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നത്.

മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും നാടുകടത്തലും ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ നാസിലെനെതിരെ നിയമ പോരാട്ടം നടത്താനാണ് നീക്കം. തനിക്കെതിരായ ഗൂഢാലോചനയില്‍ പങ്കാളികളായവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാണ് തുഷാറിന്റെ ശ്രമം.

ഇത്തരമൊരു കേസിന് പിന്നിൽ നാസിലല്ലാതെ മറ്റാരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് കേസിൽ തീർച്ചയായും ഗൂഢാലോചനയുണ്ട് എന്നാണ് തുഷാർ മറുപടി നൽകിയത്. തന്‍റെ ലെറ്റർ ഹെഡ് എടുത്തു കൊണ്ടുപോയി, അതിൽ കത്ത് ടൈപ്പ് ചെയ്ത് വ്യാജരേഖയുണ്ടാക്കിയാണ് കേസ് നൽകിയത്. രേഖയിൽ ഫൊറൻസിക് പരിശോധന നടത്തിയാൽ അത് തെളിയുമെന്നും തുഷാർ പറഞ്ഞു.