വൈക്കോല്‍ കയറ്റിയ ടിപ്പറിന് തീപിടിച്ചു, സാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തി റാപിഡ് റസ്‌പോണ്‍സ് ടീം

പാലക്കാട്. വൈക്കോല്‍ കയറ്റിവന്ന ടിപ്പറിന് പാലക്കാട് തീപിടിച്ചു. അര്‍ധരാത്രിയോടെയാണ് സംഭവം ഉണ്ടായത്. അതുവഴി എത്തിയ പുതൂര്‍ ആര്‍ആര്‍ടിയുടെ ഇടപെടലിലാണ് വാഹനത്തെയും ആറ് പേരെയും രക്ഷിച്ചത്. അട്ടപ്പാടി താവളം റോഡില്‍ ഇന്നലെ രാത്രി 12.30നാണ് അപകടം സംഭവിച്ചത്. ടിപ്പര്‍ ആലത്തൂര്‍ ഭാഗത്തു നിന്നും പുതൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു.

സ്വകാര്യ കാലിഫാമിലേക്കുള്ള വൈക്കോലായിരുന്നു ടിപ്പറില്‍. കാട്ടാനയിറങ്ങിയെന്ന അറിഞ്ഞതിനെ തുടര്‍ന്ന് പുതൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്നും ബൊമ്മിയാംപടി ഭാഗത്തേക്ക് പോകുകയായിരുന്നു ആര്‍ആര്‍ടി സംഘം. ടിപ്പറിന് തീപിടിച്ചതോടെ മൂന്ന് പേര്‍ പുറത്തിറങ്ങി. ഡ്രൈവറും മറ്റുള്ളവരും എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുന്ന സമയത്താണ് ആര്‍ആര്‍ടി സംഘം എത്തിയത്.

കാട്ടാന ഇറങ്ങുന്ന സ്ഥലത്താണ് വാഹനത്തിന് തീപിടിച്ചതെന്നത് ആശങ്കയ്ക്ക് കാരണമായിരുന്നു. ഡ്രൈവര്‍ ടിപ്പറിന്റെ പിന്‍വശം പൊക്കിയ ശേഷം മുന്നോട്ട് ഓടിക്കുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.