സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1167 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏ‌റ്റവുമധികം ആളുകൾക്ക് രോഗം ബാധിച്ച ദിനമായി ഇന്ന്. ഇതിൽ സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത് 888 പേർക്കാണ്. 122 പേർ വിദേശത്ത് നിന്നും വന്നതാണ്. മ‌റ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ 96 ആണ്. 55 പേരുടെ ഉറവിടം വ്യക്തമല്ല. 679 പേർക്ക് രോഗമുക്തി ഉണ്ടായതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു.

തിരുവനന്തപുരത്ത് വലിയ തോതിലുള‌ള രോഗവ്യാപനമാണ്. ഇവിടെ 18 പേരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിക്കുന്നു. ക്ളസ്‌റ്റർ സ്ഥിരീകരിക്കുന്നത് ഈ മാസം പൂന്തുറയിലെ രോഗവ്യാപനത്തിലൂടെയാണ്. സംസ്ഥാനത്ത് ഇന്ന് 4 പേർ കൊവിഡ് ബാധിച്ച്‌ മരണമടഞ്ഞു.എറണാകുളം സ്വദേശി അബൂബക്കർ(72), കാസർഗോഡ് സ്വദേശി അബ്‌ദു റഹ്‌മാൻ(70), തിരുവനന്തപുരം സ്വദേശി സെൽവമണി(65),ആലപ്പുഴ സ്വദേശി സൈനുദ്ദീൻ(67) എന്നിവരാണ് മരണമടഞ്ഞത്.