ടോക്യോ ദിനങ്ങള്‍ക്ക് വിട; കാത്തിരിക്കാം പാരീസ് ഒളിംപിക്സിനായി

ടോക്കിയോ: മഹാമാരിയുടെ തടവറയില്‍ തളക്കപ്പെട്ട മനുഷ്യരാശിക്ക് ആത്മവിശ്വാസത്തിന്റെയും പ്രത്യാശയുടെ പ്രകാശം വിതറിയ ലോകകായിക മാമാങ്കത്തിന് ടോക്കിയോയില്‍ പരിസമാപ്തി. 2024 ലേ ഒളിമ്ബിക്‌സിന് വേദിയാകുന്ന പാരീസില്‍ കണ്ടുമുട്ടാമെന്ന പ്രതീക്ഷയില്‍ താരങ്ങളും ഒഫീഷ്യലുകളും ടോക്കിയോയോട് വിടപറഞ്ഞു.

അടുത്ത ആതിഥേയരായ ഫ്രാന്‍സ് അധികൃതര്‍ ഒളിമ്ബിക്‌സ് പതാക ഏറ്റുവാങ്ങിയതോടെ കായിക മഹോത്സവത്തിന് തിരശീല വീണു. കൊറോണ വ്യാപനത്തിന്റെ കടുത്ത ആശങ്കക്കിടയിലും വര്‍ണ്ണാഭമായിരുന്നു സമാപന ചടങ്ങുകള്‍. സമാപന പരേഡില്‍ മെഡല്‍ ജേതാവ് ഗുസ്തിതാരം ബജ്‌രംഗ് പൂനിയ ഇന്ത്യന്‍ പതാകയേന്തി പങ്കെടുത്തു.

കൊറോണ വരിഞ്ഞുമുറുക്കിയ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് ട്രാക്കിലും ഫീല്‍ഡിലും ഇന്‍ഡോറിലും നിരവധി ചരിത്രങ്ങള്‍ ഉദയസൂര്യന്റെ നാട്ടില്‍ ജന്മം കൊണ്ടു. ഇന്ത്യ 7 മെഡലുകള്‍ നേടി ചരിത്രം കുറിച്ചു. 48-ാം മതാണ് മെഡല്‍ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം. 39 സ്വര്‍ണം അടക്കം 113 മെഡലുകള്‍ നേടിയ അമേരിക്കയാണ് പട്ടികയില്‍ ഒന്നാമത്.

രണ്ടാം സ്ഥാനത്തുള്ള ചൈനക്ക് 88 മെഡലുകള്‍ ലഭിച്ചപ്പോള്‍ ആതിഥേയരായ ജപ്പാന്‍ 58 മെഡലുകള്‍ നേടി മൂന്നാമതായി. നീരജ് ചോപ്ര നേടിയ സ്വര്‍ണ്ണമെഡല്‍ നേട്ടത്തിനു പുറമെ മീരാ ഭായ് ചാനു വനിതകളുടെ ഭാരോദ്വാഹനത്തിലും ഗുസ്തിയില്‍ രവികുമാര്‍ ദാഹിയിയും വെള്ളി മെഡല്‍ നേട്ടത്തിനുടമകളായി.

ഇടിക്കൂക്കൂട്ടില്‍ നിന്ന് ലവ്‌ലിന ബോര്‍ഗോഹെയ്ന്‍, പുരുഷ ഹോക്കി ടീം, ബാറ്റ്മിന്റനില്‍ പി. വി. സിന്ധു,പുരുഷന്‍മാരുടെ ഫ്രീസ്റ്റയില്‍ ഗുസ്തിയില്‍ ബജ്‌രംഗ് പൂനിയ എന്നിവര്‍ വെങ്കലം സ്വന്തമാക്കി.