ടോള്‍ നിരക്ക് വര്‍ധിച്ചു

കൊച്ചി: വിവിധ മേഖലകളിൽ നികുതി വർധനവ് പ്രാബല്യത്തിൽ വരുന്നതിനൊപ്പം ടോൾ നിരക്കിലും പുതിയ സാമ്പത്തിക വർഷം വർധനവ് രേഖപ്പെടുത്തി . ദേശീയപാതകളിലെ ടോൾ നിരക്ക് 10 രൂപ മുതൽ 65 രൂപ വരെയാണ് വർധിപ്പിച്ചത്.

പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ കാറിന് 135 രൂപ ആയിരുന്ന ടോൾ നിരക്ക്. ഇത് 150 രൂപയാക്കി ഉയർന്നു. പ്രദേശവാസികളിൽ നിന്നും സ്വകാര്യ ബസുകളിൽ നിന്നും സ്‌കൂൾ വാഹനങ്ങളിൽനിന്നും പന്നിയങ്കരയിൽ ടോൾ പിരിക്കുന്നില്ല.എല്ലാ വിഭാഗങ്ങളിലും ഏകദേശം 10 ശതമാനം വരെ വർധനയുണ്ടാകും. മാർച്ച് ഒമ്പതു മുതൽ ടോൾ പിരിവ് ആരംഭിച്ച പന്നിയങ്കരയിൽ പ്രതിഷേധങ്ങൾക്കിടയിലാണ് വീണ്ടും വർധിപ്പിക്കുന്നത്.

മറ്റ് ടോൾ പ്ലാസകളിൽനിന്ന്‌ വ്യത്യസ്‌തമായി വൻതുകയാണ് നിലവിൽ പന്നിയങ്കരയിൽ ടോൾ ഈടാക്കുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം നിലനിൽക്കുമ്പോഴാണ് വീണ്ടും ടോൾ നിരക്ക് വർധിപ്പിക്കാൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്. തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ നിരക്ക് വർധനയില്ല. വാളയാറിലും 10 ശതമാനം നിരക്ക് വർധനവുണ്ട്. എന്നാൽ പാലിയേക്കരയിൽ ടോൾ നിരക്കിൽ ഇളവ് വേണമെന്ന ആവശ്യം സ്വകാര്യ ബസ് ഉടമകൾ ഉന്നയിച്ചിട്ടുണ്ട്.