കുട്ടികൾക്ക് തക്കാളിപ്പനി; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി

തിരുവനന്തപുരത്ത് ജഗതി, പ്ലാമൂട് എന്നിവിടങ്ങളിലെ നാല് കുട്ടികൾക്ക് തക്കാളിപ്പനി ബാധിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് . ഒരേ ക്ലാസിലെ കുട്ടികൾക്കാണ് തക്കാളിപ്പനി ബാധിച്ചത്. ഇത് സംബന്ധിച്ച് അന്വേഷിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും മന്ത്രി നിർദേശം നൽകി. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പനിയും മറ്റ് രോഗ ലക്ഷണങ്ങളുമുള്ള കുട്ടികളെ അങ്കണവാടിയിലും സ്കൂളിലും അയയ്ക്കരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു.

പത്ത് വയസ്സിന് താഴെയുള്ള കുട്ടികളിൽ കൂടുതലായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണിതെന്ന് ഡോക്ടേഴ്സ് പറയുന്നു. പനി ബാധിച്ച കുട്ടിയുടെ ശരീരത്തിൽ ചുണങ്ങുകൾക്കും കുമിളകൾക്കും കാരണമാകുന്നു.

പനി, ക്ഷീണം, കൈവെള്ളയിലും കാൽവെള്ളയിലും വായ്‌ക്കകത്തും ശരീരത്തിന്റെ പല ഭാഗങ്ങളിലും കൈകാൽ മുട്ടുകളുടെയും നിതംബത്തിലും നിറം മങ്ങിയ പാടായി തുടങ്ങി ചിക്കൻപോക്‌സ് പോലെ പൊള്ളകളാവുന്നതാണ്‌ ലക്ഷണം. ചിക്കൻപോക്‌സ്‌ കൈവെള്ളയിലും കാൽവെള്ളയിലും പൊങ്ങാറില്ല. വായയുടെ അകത്ത്‌ പിറകുവശത്തായി വരുന്ന കുമിളകൾ കാരണം കുഞ്ഞിന്‌ മരുന്നോ, വെള്ളം പോലുമോ ഇറക്കാൻ പറ്റാത്ത സ്‌ഥിതി വരുന്നതാണ്‌ ഏറ്റവും വിഷമകരമായ ബുദ്ധിമുട്ട്.

ചൊറിച്ചിൽ, ചർമ്മത്തിൽ അസ്വസ്ഥത, തടിപ്പ്, നിർജ്ജലീകരണം എന്നിവ അനുഭവപ്പെടും. ഇതിന് പുറമെ ശരീരത്തിന്റെ പല ഭാഗങ്ങളിലും കുമിളകൾ പോലെ ചുവപ്പ് നിറത്തിൽ തുടുത്തു വരും. രോഗബാധയുണ്ടായ കുട്ടികൾക്ക് ക്ഷീണം, സന്ധി വേദന, കടുത്ത പനി, ശരീരവേദന എന്നിവയും ഉണ്ടാകാറുണ്ട്.