മെന്ററായും ഗുരുവായും ഞാന്‍ കാണുന്ന സുഹൃത്ത്, ഷിബുവിനെ കുറിച്ച് മിന്നല്‍ മുരളി

മലയാള സിനിമാ പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ട് ഇന്നലെ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്ത ‘മിന്നല്‍ മുരളി’ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, ഷിബു എന്ന കഥാപാത്രം ചെയ്ത ഗുരു സോമസുന്ദരത്തെ കുറിച്ചു പറയുകയാണ് ടൊവിനോ. മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ ഹീറോ ആയി അവതരിപ്പിച്ച ‘മിന്നല്‍ മുരളി’ക്കൊപ്പം എതിരാളി ഷിബുവിനെയും പ്രേക്ഷകര്‍ നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിക്കുന്നത്

“ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ എനിക്ക് ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നു. പക്ഷേ, ഏറ്റവും മധുരമായ വ്യക്തത്തിന് ഉടമയായ ഒരാളെ ഇവിടെ കണ്ടുമുട്ടി,സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അല്ലാത്തതിനെക്കുറിച്ചും അനന്തമായ സംഭാഷണങ്ങള്‍ ഞങ്ങള്‍ നടത്തി, ജെയ്‌സണും ഷിബുവുമായി അഭിനയിക്കാന്‍ ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധവും കെമിസ്ട്രിയും ഉണ്ടായിരിക്കേണ്ടത് പ്രധാനമായിരുന്നു, അദ്ദേഹവുമായുള്ള എന്റെ ബന്ധം മിന്നല്‍ മുരളിയില്‍ നിന്ന് ഓര്‍ത്തുവെക്കുന്ന ഒന്നാണ്.

സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ടൊവിനോയുടെ പോസ്റ്റ്. ജെയ്‌സണും ഷിബുവും തമ്മില്‍ നല്ലൊരു കെമിസ്ട്രി ആവശ്യമായിരുന്നെന്നും അദ്ദേഹവുമായുള്ള ബന്ധമാണ് ചിത്രത്തില്‍ നിന്നും ഏറ്റവും ഓര്‍ത്ത് വെക്കുന്ന ഒന്നെന്നും ടൊവിനോ പറയുന്നു.

മെന്ററായും ഗുരുവായും ഞാന്‍ കാണുന്ന ഒരു സുഹൃത്തിനെ കണ്ടെത്താനായതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഗുരു സോമസുന്ദരം സാര്‍! ചരിത്രം സൃഷ്ടിക്കുന്നതില്‍ ഞങ്ങളോടൊപ്പം കൈകോര്‍ത്തതിന് നന്ദി.” ടൊവിനോ കുറിച്ചു.

ഇടിമിന്നല്‍ ഏല്‍ക്കുന്നതിലൂടെ അത്ഭുതശക്തികള്‍ ലഭിക്കുന്ന ജെയ്‌സണ്‍ എന്ന യുവാവിന്റെ കഥയാണ് ‘മിന്നല്‍ മുരളി’ എന്ന ചിത്രം പറയുന്നത്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന ‘മിന്നല്‍ മുരളി’ നിര്‍മ്മിച്ചിരിക്കുന്നത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ്.