അച്ഛന്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല, ജീവിതത്തില്‍ ആകെ കണ്ടിട്ടുള്ളത് രണ്ട് തവണ, ആരോപണങ്ങളില്‍ മറുപടിയുമായി ടിപി മാധവന്റെ മകന്‍

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ടിപി മാധവന്‍ ഗാന്ധി ഭവനില്‍ അന്തേവാസിയായി കഴിയുന്നതും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയുമൊക്കെ അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. ഭാര്യയും മകനും ജീവിച്ചിരിക്കെയാണ് അദ്ദേഹം ഗാന്ധിഭവനില്‍ അന്തേവാസിയായത്. ഇതിന് പിന്നാലെ ബോളിവുഡിലെ സംവിധായകനായ മകന്‍ രാജാകൃഷ്ണ മേനോന്‍ താരത്തെ തിരിഞ്ഞു നോക്കുന്നില്ല എന്ന തരത്തില്‍ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ രാധാകൃഷ്ണ മേനോന്‍ നേരത്തെ അച്ഛനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ശ്രദ്ധേയമാവുകയാണ്.

മുന്‍പൊരിക്കല്‍ ഇതിനു സമാനമായ വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നപ്പോള്‍ രാജാകൃഷ്ണ മേനോന്‍ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ അച്ഛനെ കുറിച്ചും നേരിടുന്ന വിമര്‍ശനങ്ങളെ കുറിച്ചും അതിനുള്ള മറുപടിയും നല്‍കിയത്. ടിപി മാധവന്റെ മകനായാണ് ജനിച്ചതെന്ന് പറയുമ്പോഴും ഇത്രയും വര്‍ഷത്തെ അവരുടെ ജീവിതത്തിനിടയില്‍ ആകെ രണ്ടു തവണ മാത്രമാണ് അച്ഛനെ കണ്ടതെന്ന് രാജാകൃഷ്ണ പറയുന്നു.

അച്ഛന്‍ ടിപി മാധവന്‍ നാലു തവണയില്‍ കൂടുതല്‍ തന്നെ കണ്ടിട്ടുണ്ടാവില്ല. സഹോദരിയെയും തന്നെയും വളര്‍ത്തിയത് അമ്മയാണ്. അമ്മ ഗിരിജ ഒരു സെല്‍ഫ് മെയ്ഡ് വ്യക്തിയാണ്. അമ്മയുടെ കീഴിലാണ് തങ്ങള്‍ വളര്‍ന്നത്. രാജാകൃഷ്ണ തന്റെ സിനിമാ മോഹത്തെക്കുറിച്ച് അമ്മയോട് പറഞ്ഞപ്പോള്‍ നിനക്ക് ഏത് ജോലിയാണോ ഇഷ്ടം നൂറു ശതമാനം അതില്‍ നല്‍കണമെന്നായിരുന്നു അമ്മ പറഞ്ഞത്. വളരെയധികം വെല്ലുവിളികള്‍ നേരിട്ടാണ് അമ്മ തങ്ങളെ വളര്‍ത്തിയത്, ജീവിതത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുമ്പോഴും അമ്മയാണ് അപ്പോഴൊക്കെ ഊര്‍ജ്ജം തന്നത്. ജീവിതത്തില്‍ ഏതു സാഹചര്യം ആയാലും തളരാതെ മുന്നേറാന്‍ അമ്മ നല്‍കിയ പ്രചോദനം വളരെ വലുതാണ്. ഒന്നിനും വേണ്ടി സ്വപ്നങ്ങള്‍ ഇരിക്കരുത് എന്ന് അമ്മ എപ്പോഴും പറയുമായിരുന്നുവെന്നും രാജാകൃഷ്ണ വ്യക്തമാക്കി.

അടുത്തിടെ നവ്യ നായര്‍ ഗാന്ധി ഭവനില്‍ വെച്ച് ടിപി മാധവന കണ്ടപ്പോള്‍ പറഞ്ഞ വാക്കുകളൊക്കെ വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഗാന്ധിഭവന്‍ റൂറല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌ക്കാരം വാങ്ങാനായി പത്തനാപുരം ഗാന്ധിഭവനില്‍ എത്തിയപ്പോഴാണ് നവ്യ ടിപി മാധവനെ കാണുന്നത്. ടി പി മാധവനെ അവിടുത്തെ അന്തേവാസിയായി കണ്ടപ്പോള്‍ നവ്യ വല്ലാതെ വികാരാധീനയായിരുന്നു. ഇതോടെയാണ് ടിപി മാധവന്റെ വിവരം കൂടുതല്‍ പേര്‍ അറിയുന്നത്. സിനിമകളില്‍ നവ്യയ്ക്കൊപ്പം ടി പി മാധവനും വേഷമിട്ടിട്ടുണ്ട്. അദ്ദേഹം ഗാന്ധിഭവനിലാണ് എന്ന വിവരം അറിയില്ലായിരുന്നുവെന്ന് നവ്യ നിറകണ്ണുകളോടെ പറഞ്ഞിരുന്നു.

1975ല്‍ ആണ് മാധവന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ക്ക് ടിപി മാധവന്‍ നിറ ജീവന്‍ നല്‍കി. താരസംഘടനയായ അമ്മ രൂപീകരിച്ചപ്പോള്‍ മാധവനായിരുന്നു അക്കാലത്തെ സെക്രട്ടറി. 1994 1997 കാലഘട്ടങ്ങളില്‍ മലയാളസിനിമയില്‍ താരസംഘടനയായ അമ്മയില്‍ സെക്രട്ടറിയായും 2000 2006 കാലഘട്ടം ജോയിന്‍ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തി കൂടിയാണ് ടിപി മാധവന്‍. 2015ല്‍ ഹരിദ്വാര്‍ സന്ദര്‍ശിക്കാന്‍ പോയ സമയത്ത് അദ്ദേഹം അയ്യപ്പക്ഷേത്രത്തില്‍ കുഴഞ്ഞു വീഴുകയും സീരിയല്‍ സംവിധായകന്‍ പ്രസാദ് നൂറനാട് സുജിന്‍ ലാല്‍ എന്നിവയുടെ സഹായത്താല്‍ പത്തനാപുരം ഗാന്ധിഭവനില്‍ എത്തുകയുമായിരുന്നു. അതിനുശേഷം ടിപി മാധവന്‍ ഗാന്ധിഭവന്‍ വിട്ട് എങ്ങും പോകാന്‍ തയ്യാറായിട്ടില്ല.