‘തിരുവനന്തപുരം ഓഫിസിലെ ബെഡ്ഷീറ്റ് എങ്ങനെ കോഴിക്കോട്ടെത്തി? ശാലുവിന്റെ മരണം ദുരൂഹം’; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍

തിരുവനന്തപുരം: നഗരമധ്യത്തില്‍ രണ്ടുവര്‍ഷം മുന്‍പ് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ വെളിപ്പെടുത്തലുമായി ചലച്ചിത്ര സംവിധായകന് സനല്‍ കുമാര്‍ ശശിധരന്‍. സ്വന്തം ജീവിതം അപകടത്തിലാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഫേസ്ബുക്കിലാണ് സനല്‍ കുമാര്‍ ശശിധരന്‍ ഇക്കാര്യം പങ്കുവെച്ചത്. തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ കാഴ്ച്ച ഫിലിം ഫോറത്തില്‍ അന്വേഷണം നടത്തണമെന്നും സനല്‍ പറയുന്നു. സനല്‍ കുമാര്‍ ശശിധരന്‍ കാഴ്ച്ച ഫോറത്തിലെ മുന്‍ അംഗമായിരുന്നു.

എന്റെ ജീവന് അപകടമുണ്ട്. എന്റെ മാത്രമല്ല, എന്റെ കുടുംബത്തിന്റെയും. അങ്ങനെ സംഭവിച്ചാല്‍ Kazhcha Film Forum/ NIV ART Movies ഓഫീസില്‍ നടന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്ന സംഗതികളെപ്പറ്റി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഞാന്‍ നല്‍കിയ പരാതി (ഡോക്കറ്റ് നമ്പര്‍ ഏ200202520 ) അന്വേഷിക്കുന്നതിന് പൊതുസമൂഹം ശബ്ദമുയര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പോലീസ് പ്രൊട്ടക്ഷന്‍ ആവശ്യപ്പെടാനോ ഒന്നും താല്‍പര്യമില്ല- സനല്‍ കുമാര് പറയുന്നു.

ഗുരുതര ആരോപണങ്ങളാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. കാഴ്ച്ചയുടെ ഓഫിസില്‍ അനാശ്യാസ്യപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതായും സനല്‍ ആരോപിച്ചു. തന്നോട് സ്ത്രീകളായ സഹപ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച പ്രശ്നങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. കോഴിക്കോട് കൊല്ലപ്പെട്ട ട്രാന്‍സ്ജെന്‍ഡര്‍ ശാലുവിന്റെ മരണവുമായി ബന്ധപ്പെട്ടും സനല്‍ കുമാര്‍ ശശിധരന്‍ ആരോപണങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഷാലുവിന്റെ മൃതദേഹം പൊതിഞ്ഞ നിലയില്‍ കാണപ്പെട്ട ബെഡ്ഷീറ്റ് കാഴ്ചയുടെ ഓഫീസില്‍ ഉണ്ടായിരുന്ന ബെഡ് ഷീറ്റുമായി സാമ്യമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ടും അന്വേഷണം വേണമെന്നും സനല്‍കുമാര്‍ പറയുന്നു.

ഇത് തുറന്ന് പറഞ്ഞതിന്റെ പേരില്‍ എന്ത് തന്നെ സംഭവിച്ചാലും പൊലീസ് സംരക്ഷണം ആവശ്യപ്പെടുന്നില്ല. എന്നാല്‍ തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ കാഴ്ച്ചയില്‍ നടക്കുന്ന സംഭവങ്ങള്‍ക്കെതിരെ അന്വേഷണം ഉണ്ടാവണം- സനല്‍ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് വിശദീകരിക്കുന്ന ഫേയ്സ്ബുക്ക് പോസ്റ്റില്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയുടെ പകര്‍പ്പും പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിങ്ങനെ

എന്റെ ജീവന് അപകടമുണ്ട്. എന്റെ മാത്രമല്ല, എന്റെ കുടുംബത്തിന്റെയും. അങ്ങനെ സംഭവിച്ചാല്‍ Kazhcha Film Forum/ NIV ART Movies ഓഫീസില്‍ നടന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്ന സംഗതികളെപ്പറ്റി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഞാന്‍ നല്‍കിയ പരാതി (ഡോക്കറ്റ് നമ്പര്‍ G200202520 ) അന്വേഷിക്കുന്നതിന് പൊതുസമൂഹം ശബ്ദമുയര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പോലീസ് പ്രൊട്ടക്ഷന്‍ ആവശ്യപ്പെടാനോ ഒന്നും താല്‍പര്യമില്ല.

എന്തും ചെയ്യാന്‍ കെല്‍പുള്ള ഒരു മാഫിയയ്ക്കുള്ളിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. എന്റെ മാനത്തിന്റെ വില വെച്ച് മറ്റുചിലര്‍ക്കായി പേശിനോക്കാന്‍ ഞാന്‍ കൂട്ടുനില്‍ക്കാത്തതുകൊണ്ട് കാഴ്ച ചലച്ചിത്രവേദിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ തന്നെ എന്തോ ഒന്ന് എന്റെ നേരെ ഇന്നല്ലെങ്കില്‍ നാളെ വരും എന്ന് എനിക്കുറപ്പായിരുന്നു. എന്താണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്ന് അറിയില്ല.

എന്തുതന്നെയായാലും അതിനു പിന്നില്‍ കരുതുന്നതിനേക്കാള്‍ വലിയ കാര്യങ്ങളുണ്ട്. അതുകൊണ്ട് ഒന്നും കണ്ണടച്ച് വിശ്വസിക്കാതിരിക്കുക. എന്തെങ്കിലും അറിവു കിട്ടിയാല്‍ എന്നോട് പറയുക. എന്റെ മരണം സംഭവിച്ചാല്‍ അന്വേഷണം നടത്താന്‍ ശബ്ദമുയര്‍ത്തുക. മാനാപമാനങ്ങള്‍ എനിക്ക് വിഷയമല്ല. പക്ഷേ ഇത് എന്റെ മാനത്തിന്റെ വിഷയമല്ല. നമ്മുടെ സമൂഹത്തെ ദ്രവിപ്പിച്ച് ഇല്ലാതാക്കുന്ന ഒരു വലിയ ദുരന്തത്തെ ചെറുത്തു തോല്‍പിക്കുന്നതിന്റെ വിഷയമാണ്.
മറ്റു വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവിടാന്‍ എനിക്ക് താല്‍പര്യമില്ലാത്തതിനു കാരണം അതില്‍ ചില സ്ത്രീകളുടെ സ്വകാര്യത കടന്നു വരുന്നതുകൊണ്ടാണ്. ക്ഷമിക്കണം.