സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചു തൃണമൂൽ നേതാവ് പാർട്ടി ഓഫീസിനു തീയിട്ടു

മമത ബാനർജി സ്ഥാനാര്‍ത്ഥിപട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ ബംഗാളിൽ സീറ്റ് നിഷേധിച്ചെന്നാരോപിച്ചു തൃണമൂൽ നേതാവ് സ്വന്തം പാർട്ടി ഓഫിസ് അടിച്ചു തകർത്ത ശേഷം തീയിട്ടു. അറബുൾ ഇസ്ലാം ആണ് ഭംഗറിലെ പാർട്ടി ഓഫിസിന് തീയിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ച വിവരമറിഞ്ഞ് നേതാവ് പൊട്ടിക്കരയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ടിഎംസി നേതാവ് അറബുൽ ഇസ്ലാമിന് സീറ്റ് നിഷേധിച്ചതിൽ അണികൾക്കുൾപ്പെടെ അതൃപ്തിയുണ്ട്. ഇവർ റോഡിലിറങ്ങി പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. അതേസമയം സീറ്റ് നിഷേധിക്കപ്പെട്ടതിനാൽ അറബുൾ ഇസ്ലാം, ഐഎസ്എഫിൽ ചേർന്നേക്കുമെന്നാണ് സൂചന.

291 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ഇന്നലെ മമത സർക്കാർ പുറത്തുവിട്ടത്. സ്ഥാനാർത്ഥി പട്ടികയിൽ 50 പേർ സ്ത്രീകളാണ്. 42 മുസ്ലീം സ്ഥാനാർത്ഥികളും പട്ടികയിലുണ്ട്. പട്ടികജാതിയിൽ ഉൾപ്പെട്ട 79 പേരും പട്ടിക വർഗത്തിൽ ഉൾപ്പെട്ട 17 പേരും സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 80 വയസിന് മുകളിൽ പ്രായമുള്ളവർ സ്ഥാനാർത്ഥി പട്ടികയിലില്ല. മാർച്ച് 27 നാണ് പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. എട്ട് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. മെയ് രണ്ടിനാണ് വോട്ടെണ്ണൽ. ശിവരാത്രി ദിനത്തില്‍ മമത നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.