സമരത്തിലേക്ക് പോകുന്നത് അംഗീകരിക്കാനാവില്ല; ആരോഗ്യ മന്ത്രി

രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കല്ലാതെ മറ്റാർക്കാണ് ഉത്തരവാദിത്തമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. കാലാകാലങ്ങളായി തുടർന്നുവരുന്ന രീതികൾ ആ നിലയിൽ മുന്നോട്ട് പോകാൻ അനുവദിക്കില്ല. സമരത്തിലേക്ക് പോകുമെന്ന് പറയുന്നത് എന്ത് സമീപനമാണ്? ഒരു സംഭവം നടന്നാൽ സ്വീകരിക്കുന്ന സസ്പെൻഷൻ ശിക്ഷാ നടപടിയില്ല. എന്നാൽ അത് സ്വീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് സമരത്തിലേക്ക് പോകുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

ഓരോ വ്യക്തിയും പ്രധാനപ്പെട്ടതാണ്. മികച്ച ചികിത്സ ലഭിക്കണം. എറണാകുളത്ത് വെച്ച് 2.15 ഓടെയാണ് കിഡ്നി മാച്ച് ചെയ്യുമെന്ന് കണ്ടെത്തിയത്. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട് ട്രാഫിക് ക്ലിയറൻസ് അടക്കം നടത്തി. അഞ്ചരയോടെ സംഘം തിരിച്ചെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരു വർഷത്തിനിടെ സേവന നിലവാരം മെച്ചപ്പെടുത്താൻ പ്രത്യേകമായ ഇടപെടൽ നടത്തി.

‘ആളുകളുടെ ജീവന് ഒരു വിലയും കൽപ്പിക്കാത്ത നടപടിയാണിത്. രോഗി മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം നടപടിയെടുക്കും. അത് അന്വേഷിക്കട്ടെ’യെന്നും മന്ത്രി പറഞ്ഞു. നിർദ്ദേശങ്ങൾ ഇതിനായി നൽകിയിട്ടുണ്ട്. അത് ചെയ്തില്ലെങ്കിൽ കർശന നടപടിയെടുക്കും.’ ഡോക്ടർമാർ ഇറങ്ങും മുൻപ് അവിടെയുണ്ടായിരുന്ന രണ്ട് മൂന്ന് പേർ വൃക്കയുടെ പെട്ടിയുമായി ഓടിയെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. ഓടിയത് ആംബുലൻസ് ഡ്രൈവറാണോ, മറ്റാരെങ്കിലുമാണോയെന്നെല്ലാം കണ്ടെത്തണം.