തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പം; മരിച്ചവരുടെ എണ്ണം 34800 കടന്നു

തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 34800 കടന്നു. തുർക്കിയിൽ മാത്രം 30000 പേരാണ് മരിച്ചത്. തുർക്കിയിലെ ഹതായിൽ തകർന്ന് വീണ കെട്ടിടത്തിൽ നിന്നും രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ 128 മണിക്കൂറുകൾക്ക് ശേഷം രക്ഷാസേന ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച തകർന്ന വീടിനുള്ളിൽ നിന്നും അഞ്ചംഗ കുടുംബത്തെ രക്ഷിച്ചിരുന്നു. ആറ് മാസം ഗർഭിണിയായ സ്ത്രീയെയും രണ്ട് വയസുകാരിയെയും 70 വയസുള്ള സ്ത്രീയെയും ഉൾപ്പടെയാണ് രക്ഷപ്പെടുത്തിയത്.

നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനവും തുടരുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് നിലവിൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി തുടരുന്നത്. സിറിയയിലെ വിമത മേഖലകളിൽ സഹായം എത്തിച്ചുകൊണ്ടിരിക്കുകയാണ് ഐക്യരാഷ്ട്രസഭ. കൂടുതൽ സഹായം എത്തിക്കാൻ ലോകം കൈകോർക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭ്യർത്ഥിച്ചു.