ഇരട്ട സഹോദരിമാരിമാര്‍ക്ക് വരന്മാരായി എത്തിയതും ഇരട്ടകള്‍, ആലപ്പുഴയില്‍ നടന്ന വിവാഹ വിശേഷം

ആലപ്പുഴ: ജനിച്ചത് മുതല്‍ ഒരുമിച്ചാണ് ഇരട്ട സഹോദരിമാരായ രമ്യാകൃഷ്ണനും മീരാകൃഷ്ണനും. ഇതുവരെ പിരിഞ്ഞ് കഴിയാത്ത ഇവര്‍ വിവാഹത്തോടെ അകലേണ്ടി വരുമല്ലോ എന്ന ആകുലതയിലായിരുന്നു. എന്നാല്‍ അവിടെയും വിധി അവരെ ഒരുമിപ്പിച്ചു. ഇരട്ടകളായ സഹോദരന്മാരാണ് രമ്യാകൃഷ്ണന്റെയും മീരാകൃഷ്ണന്റെയും കഴുത്തില്‍ മിന്നു ചാര്‍ത്തിയത്.

വെളിയനാട് കല്ലൂര്‍ വീട്ടില്‍ രാധാകൃഷ്ണപ്പണിക്കരുടെയും മിനിയുടെയും ഇരട്ടമക്കളാണ് രമ്യാകൃഷ്ണനും മീരാകൃഷ്ണനും. അടൂര്‍ ഇടമണ്ണൂര്‍ അഞ്ജലി വീട്ടില്‍ രാജ്കുമാറിന്റെയും രാജേശ്വരിയുടെയും മക്കള്‍ അശോക് കുമാറും അനില്‍ കുമാറുമായിരുന്നു ഇരട്ട സഹോദരിമാരുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്.

ജനിച്ചിട്ട് ഇന്നേ വരെ പിരിഞ്ഞിരിക്കാത്തതു കൊണ്ട് തന്നെ വിവാഹത്തിന് ശേഷമുള്ള ജീവിതവും ഒരു വീട്ടില്‍ തന്നെ ആകമം എന്നായിരുന്നു രമ്യാകൃഷ്ണന്റെയും മീരാകൃഷ്ണന്റെയും ആഗ്രഹം. ഇതേ രീതിയില്‍ തന്നെയായിരുന്നു അശോകും അനിലും ചിന്തിച്ചിരുന്നത്. തങ്ങള്‍ക്ക് വധുവായി വരുന്നവര്‍ ഇരട്ടകള്‍ ആയിരിക്കണമെന്ന് ആവരും ആഗ്രഹിച്ചു.

ഈ രണ്ട് ഇരട്ട സഹോദരങ്ങളുടെയും ആഗ്രഹമാണ് ഈ അപൂര്‍വ്വ വിവാഹത്തിലെത്തിച്ചത്. ഞായറാഴ്ച അമ്പലപ്പുഴ കൃഷ്ണസ്വാമീക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. രമ്യ ഇപ്പോള്‍ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യനായി ജോലി നോക്കുകയാണ്. മീര ബിരുദപഠനം കഴിഞ്ഞു നില്‍ക്കുന്നു. അശോകും അനിലും വിദേശത്ത് സ്വന്തമായി ബിസിനസ് നടത്തുകയാണ്.