വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു

കൊട്ടാരക്കര: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടു നിന്ന രണ്ടര വയസുകാരിക്ക് പാമ്പ് കടിയേറ്റ് ദാരുണാന്ത്യം. കൊട്ടാരക്കര പള്ളിക്കല്‍ റാണി ഭവനത്തില്‍ രതീഷിന്റെയും ആര്‍ച്ചയുടെയും മകള്‍ നീലാംബരിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. വീടിന്റെ ചവിട്ടുപടിക്ക് മുന്നില്‍ കുട്ടി കളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു. ഈ സമയം മുത്തച്ഛന്‍ ശ്രീജയനും കുഞ്ഞിന് അടുത്തുണ്ടായിരുന്നു.

ചവിട്ടുപടിക്ക് സമീപം കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടിയെ പാമ്പ് കടിച്ചത്. മതിലിനോട് ചേര്‍ന്നുള്ള ദ്വാരത്തിലേക്ക് പാമ്പ് കയറുന്നത് വീട്ടുകാര്‍ കണ്ടു. കുട്ടിയുടെ കാലില്‍ കടിയേറ്റ പാട് കണ്ടതോടെ ഉടന്‍ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചിരിക്കുന്നത്. നീലാംബരിയുടെ പിതാവ് റസ്റ്ററന്റ് ജീവനക്കാരനാണ്. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ നടന്നു.