ഇന്ത്യക്കാർക്ക് ഗുണകരമായ 2 ബില്ലുകൾ

വാഷിങ്ടൻ ∙ ഇന്ത്യക്കാരടക്കം യുഎസിൽ ജോലി ചെയ്യുന്നവർക്കു ഗുണകരമായ 2 ബില്ലുകൾ ജനപ്രതിനിധിസഭയിൽ അവതരിപ്പിച്ചു. എച്ച്–4 വീസയുള്ളവർക്കെല്ലാം യുഎസിൽ ജോലിക്കു സ്വയമേവ അവകാശം ഉറപ്പാക്കുന്നതിനുള്ള ബിൽ ആണ് ഇതിലൊന്ന്. ഗ്രീൻ കാർഡ് കിട്ടാതെ വർഷങ്ങൾ കാത്തിരിക്കുന്നവരുടെ എണ്ണം കുറച്ചുകൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ളതാണു രണ്ടാമത്തേത്.

എച്ച്–1ബി, എച്ച്–2എ, എച്ച്–2ബി, എച്ച്–3 വീസയുള്ളവരുടെ പങ്കാളികൾക്കാണ് എച്ച്–4 വീസ നൽകുന്നത്. ഇവർക്കു തൊഴിൽ ഉറപ്പാക്കുന്ന ബിൽ പാസായാൽ ഇന്ത്യക്കാരടക്കം അനേകായിരം പേർക്കു വഴി തെളിയും. നിലവിൽ, യുഎസില്‍ ഉള്ളവരാണെങ്കിൽപോലും 6 മാസമെങ്കിലും ഇവർ ജോലി ചെയ്യാൻ കാത്തിരിക്കണം.

തൊഴില്‍ അധിഷ്ഠിത ഇമിഗ്രേഷൻ വീസകളിൽ ഓരോ രാജ്യത്തിനുമുള്ള പരിധി ഒഴിവാക്കാനും കുടുംബ അധിഷ്ഠിത കുടിയേറ്റ വീസകളുടെ കാര്യത്തിൽ പരിധി 7 ശതമാനത്തിൽനിന്നു 15 ശതമാനമായി ഉയർത്താനുമാണു നീക്കം. ഈ ബിൽ സഭാ സമിതി പാസാക്കിയ ശേഷമാണു സഭയിൽ വന്നിട്ടുള്ളത്.