രണ്ട് പേര്‍ക്ക് കൂടി കോവിഡ്, 14 പേര്‍ക്ക് രോഗമുക്തി, മാസ്‌ക് ധരിക്കാത്തതിന് 954 കേസുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആശ്വാസം. രണ്ട് പേര്‍ക്ക് മാത്രമേ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്ക് വീതമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്. മറ്റൊരാള്‍ക്ക് സമ്പര്‍ക്കം മൂലം രോഗം പകര്‍ന്നതാണ്. ഇന്ന് 14 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. പാലക്കാട് നാല് പേരും, കൊല്ലം മൂന്ന്, കാസര്‍കോട് രണ്ട്, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് നെഗറ്റീവായവര്‍.

സംസ്ഥാനത്ത് ഇതുവരെ 497 പേര്‍ക്ക് ആണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ 111 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്. 20711 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 20285 പേര്‍ വീടുകളിലും 426 പേര്‍ ആശുപത്രികളിലുമാണുള്ളത്. ഇന്ന് 95 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. അതേസമയം മാസ്‌ക് ധരിക്കാത്തതിന് ഇന്ന് വൈകീട്ട് നാല് മണിവരെ കേരളത്തില്‍ 954 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് മുതല്‍ പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു.

ലോക്ഡൗണ്‍ നിയന്ത്രണങ്ങളോട് സഹകരിക്കാന്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ പറ്റാത്ത അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. അമിതമായ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കാനല്ല പോലീസ് ശ്രമിക്കുന്നത്. പോലീസ് നിയന്ത്രിക്കുന്നതില്‍ വിഷമം തോന്നിയിട്ട് കാര്യമില്ല. എന്നാല്‍ ബലപ്രയോഗം ഉണ്ടാകരുതെന്ന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.നിയന്ത്രണങ്ങള്‍ വിഷമം ഉണ്ടാക്കുന്നതാണെങ്കിലും പോലീസുമായി സഹകരിക്കണം. നേരിയ അശ്രദ്ധപോലും നമ്മളെ കോവിഡ് രോഗികളാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.