കോൺഗ്രസുകാർക്കെതിരെ തീവ്രവാദി പരാമർശം ; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

മൊഫിയ പർവീണിന്റെ ആത്മഹത്യ കേസിൽ കോൺഗ്രസ് നേതാക്കൾ പോലീസ് സ്‌റ്റേഷനിൽ സമരം ചെയ്തിരുന്നു. ഇവർക്ക് തീവ്രവാദി ബന്ധമുണ്ടെന്ന് സംശയിക്കുന്നുവെന്നാണ് റിപ്പോർട്ടിൽ പോലീസ് പരാമർശിച്ചത്. പൊതുമുതൽ നശിപ്പിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത അൽ അമീൻ,അനസ്, നജീബ് എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് നൽകിയ അപേക്ഷയിലായിരുന്നു പരാമർശം.

മൊഫിയ പർവീൺ കേസിൽ കോൺഗ്രസുകാർക്കെതിരെ തീവ്രവാദി പരാമർശം നടത്തിയെന്നാരോപിച്ച് രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ആലുവ സ്റ്റേഷനിലെ എസ്.ഐമാരായ ആർ.വിനോദ്, രാജേഷ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. കോൺഗ്രസ് പ്രവർത്തകർക്ക് തീവ്രവാദി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി കോടതിയിൽ സമർപ്പിച്ച കസ്റ്റഡി റിപ്പോർട്ടിൽ പോലീസ് പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ മുനമ്പം ഡിവൈഎസ്പിയോട് ഡിഐജി ആവശ്യപ്പെട്ടിട്ടുണ്ട്.

സമരത്തിനിടെ ഡിഐജിയുടെ കാർ പ്രവർത്തകർ തടഞ്ഞ് നാശനഷ്ടം വരുത്തുകയും ജലപീരങ്കിയുടെ മുകളിൽ കയറി കൊടി നാട്ടുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളിൽ പൊതുമുതൽ നശിപ്പിച്ച കുറ്റം ഉൾപ്പെടെ ചുമത്തി 12 പേരെ പ്രതികളാക്കിയാണ് പോലീസ് കേസെടുത്തത്. കെഎസ്.യു ആലുവ മണ്ഡലം പ്രസിഡൻറ് അൽ അമീൻ, കോൺഗ്രസ് കീഴ്മാട് മണ്ഡലം പ്രസിഡൻറ് നജീബ്, ബൂത്ത് വൈസ് പ്രസിന്‌റ് അനസ് എന്നിവരെ കേസിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു

ജലപീരങ്കിയുടെ മുകളിൽ കയറി നിലക്കുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധത്തിന്റെ പേരിലാണോ ഇത് ചെയ്തതെന്ന് കണ്ടെത്തണമെന്നും പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇവരെ ജാമ്യത്തിൽ വിട്ടാൽ കലാപങ്ങൾക്ക് നേതൃത്വം കൊടുക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ ആരോപിച്ചിട്ടുണ്ട്.