ചൂണ്ടയിടുന്നതിനിടെ കാല്‍ വഴുതി പാറക്കുളത്തില്‍ വീണു, രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കോട്ടയം: തൃക്കൊടിത്താനത്ത് ചൂണ്ടയിടാന്‍ പോയ രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം ചെമ്പുമ്പുറം പാറക്കുളത്തിൽ ചൂണ്ടയിടാൻ എത്തിയ 2 വിദ്യാർത്ഥികളാണ് മുങ്ങിമരിച്ചത് . പൊൻപുഴക്കുന്നിൽ താമസിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥി ആദർശ്, ആറാം ക്ലാസ് വിദ്യാർത്ഥി അഭിനവ്‌ എന്നിവരാണ് മരിച്ചത്.

ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു അപകടം. അവധി ദിവസമായതിനാല്‍ അയല്‍വാസികളായ കുട്ടികള്‍ ചെമ്പുപുറത്തുള്ള പാറക്കുളത്തില്‍ ചൂണ്ടയിടാന്‍ പോകുകയായിരുന്നു. ചൂണ്ടയിടുന്നതിനിടെ ഒരാള്‍ കാല്‍ വഴുതി പാറക്കുളത്തില്‍ വീണു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെ കുട്ടിയും കുളത്തില്‍ വീണത്.

ഒഴിഞ്ഞ പ്രദേശമായതിനാല്‍ പ്രദേശത്ത് ആരും ഉണ്ടായിരുന്നില്ല. സമയമേറെ കഴിഞ്ഞിട്ടും കുട്ടികളെ കാണാതയോടെ വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹം ചങ്ങനാശേരിയിലെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.