ചന്ദ്രയാന്‍ 3യുടെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ്

ന്യൂഡല്‍ഹി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായ ഫോണില്‍ സംസാരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബില്‍ സായിദ് അല്‍ നെഹ്യാന്‍. ബ്രിക് കൂട്ടായ്മയിലേക്ക് യുഎഇയെ ഉള്‍പ്പെടുത്തിയതില്‍ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പറഞ്ഞു. അതേസമയം അന്താരാഷ്ട്ര സഹകരണത്തിന് യുഎഇ നടത്തുന്ന പരിശ്രമങ്ങളെ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ വിജയകരമായ ലാന്‍ഡ് ചെയ്തതില്‍ അഭിനന്ദിക്കുവാനാണ് യുഎഇ പ്രസിഡന്റ് ഫോണില്‍ വിളിച്ചത്. ഇന്ത്യ ശാസ്ത്ര സാങ്കേതിക രംഗത്ത് കൈവരിക്കുന്ന നേട്ടവങ്ങള്‍ മഹത്തരമാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ഇന്ത്യ ബഹിരാകാശ രംഗത്ത് കൂടുതല്‍ നേട്ടം കൈവരിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ഇന്ത്യയോടും ഇന്ത്യന്‍ ജനതയോടും യുഎഇ കാണിക്കുന്ന സ്‌നേഹത്തിന് പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു.

ബ്രിക്‌സ് കൂട്ടായ്മയിലേക്ക് യുഎഇ എത്തുന്നത് അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.