രാജിവെച്ചതിനാല്‍ ഉദ്ധവ് സര്‍ക്കാരിനെ പുനസ്ഥാപിക്കാനാകില്ല- സുപ്രീംകോടതി

ന്യൂഡല്‍ഹി. രാജിവെച്ചതിനാല്‍ ഉദ്ധവ് സര്‍ക്കാരിനെ പുനസ്ഥാപിക്കുവാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. എന്നാല്‍ മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാടി സര്‍ക്കാരിനോട് വിശ്വാസ വോട്ട് തേടാന്‍ നിര്‍ദേശിച്ച ഗവര്‍ണറുടെ നടപടി ശരിയല്ല. ഗവര്‍ണറുടെ നടപടി ഭരണഘടനപരമായി തെറ്റാണെന്നും സുപ്രീംകോടതി പറഞ്ഞു. ഉള്‍പാര്‍ട്ടി പ്രശ്നങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നത് ഭരണഘടനപരം അല്ലെന്നും ഭരണഘടന ബെഞ്ച് വ്യക്തമാക്കി.

വിശ്വാസ വോട്ടിന് നിര്‍ദേശം നല്‍കാനുള്ള ഒരു വസ്തുതകളും ഗവര്‍ണറുടെ പക്കല്‍ ഉണ്ടായിരുന്നില്ല. സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലെന്ന് പ്രതിപക്ഷ നേതാവ് പോലും പറഞ്ഞിരുന്നില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് വിശ്വാസ വോട്ടെടുപ്പിലൂടെയല്ല എന്നും ഭരണഘടന ബെഞ്ച് വ്യക്തമാക്കി. ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിലെ ഗോഗവാലെയെ വിപ്പായി നിയമിച്ച സ്പീക്കറുടെ നടപടിയും തെറ്റാണ്.

രാഷ്ട്രീയ പാര്‍ട്ടിയാണ് വിപ്പിനെ നിയമിക്കേണ്ടതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഷിന്‍ഡെ ഉള്‍പ്പടെ 16 എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് സ്പീക്കര്‍ ആണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.