താന്‍ എവിടെയും പോകാന്‍ ഉദ്ദേശിക്കുന്നില്ല ; ശിവസേന-ബി.ജെ.പി സഖ്യമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഉദ്ധവ്​ താക്കറെ

ന്യൂഡല്‍ഹി: ബി.ജെ.പിയുമായി കൈകോര്‍ക്കുമെന്ന് അഭ്യൂഹങ്ങള്‍ തള്ളി മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ. താന്‍ എവി​ടേയും പോകില്ലെന്നും സഖ്യത്തില്‍ തുടരുമെന്ന്​ ഉദ്ധവ്​ താക്കറെ വ്യക്തമാക്കി .

“ഞാന്‍ അജിത്​ പവാറിനും ബാലസാഹേബ്​ തൊറാട്ടിനും ഒപ്പമാണുള്ളത് .താന്‍ എവിടെയും പോകാന്‍ ഉദ്ദേശിക്കുന്നില്ല. വാര്‍ത്ത സമ്മേളനത്തിന്​ ശേഷം താന്‍ ബി.ജെ.പിയുമായാണ്​ ചര്‍ച്ചക്ക്​ പോകുന്നതെന്നും തമാശയായി ഉദ്ധവ്​ താക്കറെ കൂട്ടിച്ചേര്‍ത്തു .

അതെ സമയം നേരത്തെ ശിവസേന-ബി.ജെ.പി ബന്ധത്തെ കുറിച്ച്‌​ സഞ്​ജയ്​ റാവത്ത്​ പ്രസ്​താവന നടത്തിയിരുന്നു. ശിവസേന- ബി.ജെ.പി ബന്ധം ആമിര്‍ ഖാന്‍-കിരണ്‍ റാവു ബന്ധം പോലെയാണെന്നായിരുന്നു റാവത്തിന്‍റെ പരാമര്‍ശം.

തങ്ങള്‍ ഇന്ത്യയേയും പാകിസ്​താനേയും പോലെയല്ല. ബന്ധം വേര്‍പ്പെടുത്തിയെങ്കിലും ഇരു പാര്‍ട്ടികളും തമ്മിലുള്ള സൗഹാര്‍ദം തുടരുമെന്നായിരുന്നു റാവത്ത്​ പ്രഖ്യാപിച്ചത് ​. കൂടാതെ ശിവസേന തങ്ങളുടെ ശത്രുവല്ലെന്ന്​ ബി.ജെ.പി നേതാവ്​ ദേവേന്ദ്ര ഫഡ്​നാവിസും പ്രസ്താവിച്ചിരുന്നു . ഇതിന്​ പിന്നാലെയാണ്​ ഇക്കാര്യത്തില്‍ ഉദ്ധവ്​ താക്കറെ വിശദീകരണവുമായി രംഗത്തെത്തിയത് .