ഏകീകൃത സിവിൽ കോഡ്, സിപിഎം സെമിനാറില്‍ പങ്കെടുക്കുന്നതിൽ ലീഗിൽ വിള്ളൽ, സിപിഎമ്മിന്റെ കുതന്ത്രം ഫലം കാണുന്നു

ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സിപിഎം സെമിനാറില്‍ പങ്കെടുക്കുന്നതിനെ ചൊല്ലി ലീഗിലും ഭിന്നഅഭിപ്രായം. 15-ന് കോഴിക്കോട്ടു നടത്തുന്ന സെമിനാറിലേക്ക് ക്ഷണം ലഭിച്ചെങ്കിലും പങ്കെടുക്കണമോ എന്നു ലീഗ് തീരുമാനിച്ചിട്ടില്ല. ഇതിനായി ഞായറാഴ്ച രാവിലെ 9.30-ന് സംസ്ഥാനപ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളുടെ വീട്ടിൽ നേതൃയോഗം ചേർന്ന ശേഷം തീരുമാനം എടുക്കും. സമസ്തയെ ഒപ്പം നിർത്തിയും, മുസ്ലിം ലീഗിൽ വിള്ളൽ വീഴ്‌ത്തിയും പാർലമെന്റ് തിരഞ്ഞെടുപ്പിൽ പരമാവധി നേട്ടം കൊയ്യാനാണ് സിപിഎമ്മിന്റെ നീക്കം.

സെമിനാറിൽ പങ്കെടുക്കുന്നതു സംബന്ധിച്ച് നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക യോഗം വിളിച്ചത്. ഏക സിവിൽകോഡിനെതിരേ ആരു രംഗത്തുവന്നാലും സഹകരിക്കുമെന്നും ഇത് മുസ്‌ലിം വിഷയമായി ഒതുക്കരുതെന്നുമാണ് പാർട്ടിയിലെ പൊതുവികാരം. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഏതു നാടകം കളിച്ചും പരമാവധി നേട്ടം കൊയ്യാനുള്ള തീവ്ര ശ്രമമാണ് സിപിഎം നടത്തുന്നത്.

മുസ്‌ലിം ലീഗ് അടക്കമുള്ള സംഘടനകളെ പരസ്യമായി സാഗതം ചെയ്തു കൊണ്ടാണ് സിപിഎമ്മിന്റെ പുതിയ തന്ത്രം. മുസ്ലിം സംഘടനകളെ പരമാവധി കൂടെ നിർത്താനുള്ള സിപിഎം ശ്രമം ഒരു പരിധി വരെ വിജയിച്ചു. അതിനു ഉദാഹരണമാണ് സമസ്ത അടക്കമുള്ളവരുടെ അനുകൂല നിലപാട് എന്ന് തന്നെ പറയാം.

അതേസമയം മുസ്ലിം ലീഗിലെ ഭിന്നത യുഡി എഫിനും തലവേദന ആയിട്ടുണ്ട്. സി.പി.എമ്മിന്റേത് രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ടുള്ള നീക്കമാണെന്നും യു.ഡി.എഫിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും മുതിർന്ന നേതാക്കൾത്തന്നെ പറയുന്നു. സെമിനാറിൽ പങ്കെടുക്കുന്ന കാര്യത്തിൽ നേതൃത്വം ചർച്ചചെയ്ത് തീരുമാനിക്കുമെന്നും സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ. സലാം ശനിയാഴ്ച രാവിലെ നടത്തിയ പത്രസമ്മേളനത്തിലാണ് അറിയിച്ചത്.

എല്ലാം നെഗറ്റീവായി കാണാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ലീഗ് യു.ഡി.എഫിലെ ഘടകകക്ഷിയാണ്. ഓരോ തീരുമാനങ്ങളുടെയും വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണോ എന്നു പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.