കോവിഡ് പ്രതിരോധത്തിന് വിശ്വസനീയമായ വിവരങ്ങൾ പങ്കുവയ്ക്കണം കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി. രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനിടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങളുമായി വിര്‍ച്വല്‍ കൂടിക്കാഴ്ച നടത്തി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. കോവിഡ് 19 സംബന്ധിച്ചുള്ള ആധികാരികവും വിശ്വസനീയവുമായ വിവരങ്ങള്‍ മാത്രം പങ്കുവെക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മന്ത്രി യോഗത്തില്‍ സംസാരിച്ചു.

രോഗത്തിന്റെ വിവിധ തലങ്ങളെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും ഡോക്ടര്‍മാര്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ പോലെ തന്നെ പ്രധാനമാണ് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതെ വിശ്വസനീയമായവ മാത്രം പങ്കുവെക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനില്‍ അംഗങ്ങളായ നൂറോളം ഡോക്ടര്‍മാരാണ് വിര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്തത്. കോവിഡ് പ്രതിരോധവും കൈകാര്യം ചെയ്യലും സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം വിവരങ്ങള്‍ പങ്കുവെക്കുന്നുണ്ട്. സ്ഥിരീകരിക്കപ്പെട്ട അത്തരം വിവരങ്ങള്‍ പങ്കുവെക്കണമെന്നും മറ്റുള്ളവരെ അതിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും മന്ത്രി വ്യക്തമാക്കി.