രാഹുലിന്റെ ബൈക്ക് യാത്ര, മോദി പണിത മികവുറ്റ റോഡുകൾ പ്രമോട്ട് ചെയ്തതിന് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി

നരേന്ദ്രമോദി സർക്കാർ പണികഴിപ്പിച്ച മികവുറ്റ റോഡുകൾ പ്രമോട്ട് ചെയ്യുന്നതിന് രാഹുൽ ഗാന്ധിക്ക് നന്ദി. കാശ്മീർ താഴ്‌വരയിൽ വിനോദസഞ്ചാര മേഖല എങ്ങനെ കുതിച്ചുയരുന്നുവെന്ന് അദ്ദേഹം കാണിച്ചുതന്നു. ലഡാക്കിലെ ലേയിൽനിന്ന് 230 കിലോമീറ്റർ ദൂരെയുള്ള പാംഗോങ്ങിലേക്കു ബൈക്കിൽ യാത്ര ചെയ്ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നന്ദിയറിയിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ കുത്ത്.

ശ്രീനഗറിലെ ലാൽ ചൗക്കിൽ നമ്മുടെ ദേശീയ പതാക ഇപ്പോൾ സമാധാനപരമായി ഉയർത്താനാകുമെന്നും അദ്ദേഹം നമ്മെ ഓർമിപ്പിക്കുന്നു’ – കിരൺ റിജിജു എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു.

കോൺഗ്രസ് ഭരണകാലത്ത് ഇതേ റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടുന്ന വീഡിയോയും, മോദി സർക്കാർ വന്നശേഷം റോഡിനു വന്ന മാറ്റം ഉൾപ്പെടുന്ന വീഡിയോയും ഇതിനൊപ്പം റിജിജു പങ്കുവച്ചിട്ടുണ്ട്. ഒരു സംഘം ആളുകൾക്കൊപ്പം രാഹുൽ ഗാന്ധി നടത്തിയ ബൈക്ക് യാത്രയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും രാഹുലിന്റെ യാത്രയെ അഭിനന്ദിച്ച് രംഗത്തെത്തി. ‘‘ആർട്ടിക്കിൾ 370മായി ബന്ധപ്പെട്ട വിഷയങ്ങൾക്കു ശേഷമുള്ള ലേയും ലഡാക്കും കാണാനും അതേക്കുറിച്ച് പ്രചരിപ്പിക്കാനും രാഹുൽ ഗാന്ധി നേരിട്ട് കശ്മീർ താഴ്‌വരയിലേക്ക് ഒരു യാത്ര നടത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ യാത്രയുടെ നേർക്കാഴ്ചകൾ കണ്ട് ഞങ്ങളും ആഹ്ലാദിക്കുന്നു’ – പ്രഹ്ലാദ് ജോഷി കുറിച്ചു.

നിലവിൽ ലഡാക്കിലുള്ള രാഹുൽ ഗാന്ധി, പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ജൻമവാർഷിക ദിനമായ ഇന്ന് പാംഗോങ്ങിൽ ചെലവഴിക്കും. യാത്രയിൽ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി.ശ്രീനിവാസും ഒപ്പമുണ്ട്.