പ്രതീക്ഷയോടെ രാജ്യം, തുരങ്കത്തിൽ കുടങ്ങിയവരെ മണിക്കൂറുകൾക്കുള്ളിൽ പുറത്തെത്തിക്കും

ദെഹ്‌റാദൂണ്‍ : ഉത്തരകാശി ടണലിൽ അകപ്പെട്ട നിർമ്മാണ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം അവസാന ഘട്ടത്തിൽ. നവംബര്‍ 12-നാണ് 41 തൊഴിലാളികൾ നിർമ്മാണത്തിലിരുന്ന തുരങ്കത്തിന്റെ ഒരുഭാഗം ഇടിഞ്ഞ് അതിനുള്ളിൽ കുടുങ്ങുന്നത്. ഒന്നു രണ്ട് മണിക്കൂറിനകം രക്ഷാപ്രവര്‍ത്തനം ഫലം കാണുമെന്നാണ് പ്രതീക്ഷയെന്നും തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള പൈപ്പ്‌ലൈന്‍ അകത്തേക്ക് ഇറക്കിക്കഴിഞ്ഞതായും രക്ഷാപ്രവര്‍ത്തക സംഘത്തിലെ ഉദ്യോഗസ്ഥന്‍ ഗിരീഷ് സിങ് റാവത്തിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അവശിഷ്ടങ്ങള്‍ക്കിടയിലുണ്ടായിരുന്ന സ്റ്റീല്‍ കഷ്ണങ്ങള്‍ നീക്കം ചെയ്തു കഴിഞ്ഞു. തൊഴിലാളികളെ പുറത്തെത്തിക്കാനായി ആകെ 66 മീറ്റർ പാറയാണ് തുരക്കേണ്ടിയിരുന്നത്. ഇതിൽ 44 മീറ്റർ ഇതിനോടകം പൂർത്തിയാക്കി. 12 മീറ്റർ മാത്രമാണ് ഇനി ബാക്കിയുള്ളത്. അടുത്ത മണിക്കൂറുകളിൽ ഇതും പൂർത്തികരിക്കും. തൊഴിലാളികളെ പുറത്തെത്തിക്കാനായി വിദഗ്ധ സംഘം ടണലിലേക്ക് പ്രവേശിച്ചതായും എൻഡിആർഎഫ് വ്യക്തമാക്കിയിരുന്നു.

പുറത്തെത്തിക്കുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ചെസ്റ്റ് സ്‌പെഷലിസ്റ്റുമാര്‍ ഉള്‍പ്പെടെ പതിനഞ്ച് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘത്തെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്. 12 ആംബുലന്‍സുകളും അടിയന്തര സാഹചര്യത്തെ മുന്‍നിര്‍ത്തി വിന്യസിച്ചിട്ടുണ്ട്. ചിന്യാലിസോറിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഒരു വാര്‍ഡ് രക്ഷപ്പെടുത്തുന്ന തൊഴിലാളികള്‍ക്ക് മാത്രമായി സജ്ജീകരിച്ചിട്ടുണ്ട്. ഋഷികേശിലെ എയിംസ് ഉള്‍പ്പെടെ ഇതിനായി സജ്ജമാണ്.