ഗവർണറെ നീക്കുന്ന ബില്ലുമായി സർക്കാർ ; നിയമപരമായി നിലനില്‍ക്കില്ലെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: ഗവര്‍ണറെ സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റുന്ന ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് നിയമമന്ത്രി പി.രാജീവ്. എന്നാൽ ബില്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പ്രോവിസി നിയമനരീതി, വിസിയുടെ ചുമതല നല്‍കുന്നത് തുടങ്ങിയ കാര്യങ്ങൾ യുജിസി നിയമത്തിന് എതിരാണെന്നാണ് പ്രതിപക്ഷ നേതാവ് വാദിച്ചത്.

ശമ്പളം, ചെലവ് തുടങ്ങിയ സംബന്ധിച്ച ഫിനാന്‍ഷ്യല്‍ മെമ്മോറാണ്ടം അപൂർണമാണ്. ചാൻസലർ ഇല്ലാത്തപ്പോൾ പ്രോ-ചാൻസലർ പദവി വഹിക്കുമെന്നാണ് ബില്ലിൽ പറയുന്നത്. മന്ത്രിസഭ നിയമിക്കുന്ന ചാൻസലർക്ക് കീഴിൽ എങ്ങനെ മന്ത്രി ആ പദവി വഹിക്കുമെന്നും പ്രതിപക്ഷം ചോദിച്ചു.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കാനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുവാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കിയിരുന്നു. ഭരണാഘടനാ ചുമതലയുള്ള ഗവര്‍ണര്‍ക്ക് കൂടുതല്‍ ചുമതലകള്‍ വഹിക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കുവാനാണ് ബില്ല് എന്നാണ് സര്‍ക്കാര്‍ വാദം. ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ട് ബില്ലുകളാണ് അവതരിപ്പിച്ചത്. ഇംഗ്ലീഷ് പരിഭാഷയിലുള്ള ബില്ലിനാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്. ഇംഗ്ലീഷ് പരിഭാഷയ്ക്ക് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്.

സര്‍വകലാശാല ചട്ടങ്ങള്‍ എട്ടും ഇംഗ്ലീഷിലാണ്. അതേസമയം ബില്ലിനെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തു. അതേസമയം ഗവര്‍ണര്‍ ഒപ്പിട്ടാല്‍ മാത്രമെ ബില്ല് നിയമമാകു. ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.