ഗിനിയില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് വി മുരളീധരന്‍

തിരുവനന്തപുരം. ഗിനിയന്‍ നാവികസേനയുടെ കസ്റ്റഡിയിലായ കപ്പലിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തി വരുകയാണെന്നും വിദേശ കാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. പിടികൂടിയവരെ നൈജീരിയയ്ക്ക് കൈമാറുവാനുള്ള നീക്കം തടയാന്‍ നൈജീരിയന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്നും ഗിനിയയില്‍ നിന്ന് നേരിട്ട് നാട്ടിലെത്തിക്കാനാകുമെന്നും വി മുരളീധരന്‍ പറഞ്ഞു.

16 ഇന്ത്യക്കാരും 10 വിദേശികളുമാണ് കപ്പലിലുള്ളത്. കൊല്ലത്ത് സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരന്‍ വി വിജിത് അടക്കം മൂന്ന് മലയാളികളും കപ്പലിലുണ്ട്. നൈജീരയന്‍ നാവിക സേനയുടെ നിര്‍ദേശപ്രകാരമാണ് ഗിനി സേന കപ്പല്‍ തടഞ്ഞുവച്ചത്. ക്രൂഡ് ഓയില്‍ മോഷണത്തിനു വന്ന കപ്പല്‍ എന്നു സംശയിച്ചാണ് കപ്പല്‍ കസ്റ്റഡിയിലെടുത്തത്.